മുഖ്യമന്ത്രിയെ കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് കോടിയേരി

43

മുഖ്യമന്ത്രിയെ കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നതായി സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. തലശ്ശേരി മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബസൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്പീക്കർക്കും മന്ത്രി കെ.ടി. ജലീലിനുമെതിരേ കേസെടുത്ത് ഭയപ്പെടുത്താനും നീക്കമുണ്ട്. ഏജൻസികൾക്കുമുന്നിൽ വിറങ്ങലിച്ചുപോകുന്നവരല്ല ഇടതുപക്ഷം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ രഹസ്യമൊഴി നൽകാൻ കേന്ദ്ര ഏജൻസികൾ പ്രേരിപ്പിച്ചെന്ന വിവരം പുറത്തുവന്നു. ഇത് പരിശോധിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. മറ്റുസംസ്ഥാനങ്ങളിലെ ബി.ജെ.പി. ഇതര സർക്കാരുകൾ ഇത്തരം നീക്കങ്ങളിൽ പകച്ചുപോകുന്നത് കണ്ടിട്ടുണ്ട്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഭീഷണിക്കുമുന്നിൽ കീഴടങ്ങരുതെന്ന സന്ദേശമാണ് ഇതിനെതിരേ ഇടതുപക്ഷ സർക്കാർ നൽകുന്നത്. ഇനിയുള്ള മണിക്കൂറുകളിൽ യു.ഡി.എഫും ബി.ജെ.പിയും കള്ളപ്രചാരണം നടത്തും. ഇത്തരം പ്രചാരണം ഒരുമിച്ച് വരുമ്പോൾ ശരിയല്ലേയെന്ന് തോന്നും. എന്നാൽ കരുതിയിരിക്കണമെന്നും കോടിയേരി പറഞ്ഞു.