പാലാ സീറ്റ് നല്‍കില്ലെന്ന് എന്‍.സി.പി നേതൃത്വത്തെ സി.പി.എം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് സീറ്റ് നല്‍കാനാവില്ലെന്ന് അറിയിച്ചത്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എന്‍.സി.പിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളിയതായാണ് വിവരം.
പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഇതോടെ എന്‍.സി.പിയുടെ സിറ്റിങ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് നല്‍കുമെന്ന ഉറപ്പായി. കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പന് ഒത്തുതീര്‍പ്പിന് വഴങ്ങുമോ അതോ യു.ഡി.എഫില്‍ ചേക്കേറുമോ എന്നാണ് ഇനി അറിയേണ്ടത്.
പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് നല്കാത്തത്തില് എന്‍.സി.പി ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. സി.പി.എം തീരുമാനം അറിഞ്ഞ പവാര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനോട് അടിയന്തരമായി മുംബൈയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍.സി.പി യുഡിഎഫിലേക്ക് നീങ്ങുമോ അതോ കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫിലെത്തുകയും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ളവര്‍ എല്‍.ഡി.എഫില്‍ തുടരുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഉച്ചയ്ക്ക് ശേഷം കാപ്പനും പീതാംബരനും പവാറിനെ കാണും. ഈ കൂടിക്കാഴ്ച നിര്‍ണായകമാകും. മിക്കവാറും ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍.സി.പിയുടെ മുന്നണി മാറ്റത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. എലത്തൂര്‍ നല്കിയാല് ശശീന്ദ്രന് ഇടതുപക്ഷത്ത് തന്നെ തുടരാനാണ് സാധ്യത. അങ്ങനെയെങ്കിൽ എന്‍.സി.പിയിൽ പിളർപ്പിനാണ് പാലാ തർക്കം വഴി തുറക്കുന്നത്. അനാവശ്യ ചർച്ചകളുണ്ടാക്കി മുന്നണിയെ അവമതിപ്പുണ്ടാക്കിയെന്നാണ് സി.പി.എം കാപ്പന്റെ അഭിപ്രായങ്ങളെ കാണുന്നത്.