ഉണരാനും ഉയരാനുമുള്ള ഊർജമാണ്: കഷ്ടപ്പാടിന്റെ ദുരിതകാലം ഓർത്ത് ഐ.ഐ.എം അസി. പ്രൊഫസർ

17

കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും നാളുകളെക്കുറിച്ച് ഓർക്കുന്നത് ഉണരാനും ഉയരാനുമുള്ള ഊർജമാണ്. ഇന്ന് ഐ.ഐ.എമ്മിൽ അസി. പ്രൊഫസറായി ജോലി കിട്ടി. മൺകട്ട വീട്ടിൽനിന്നു റാഞ്ചിയിലെ ഐ.ഐ.എമ്മിലേക്കുള്ള ദൂരത്തിന് ഒരു കുടുംബത്തിന്റെ നെടുവീർപ്പിന്റെ കഥയുണ്ട്…’’- പാണത്തൂർ കേളപ്പൻകയം സ്വദേശി 28-കാരൻ ആർ. രഞ്ജിത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണിത്.

പാണത്തൂർ ഗവ. യു.പി.സ്കൂളിൽ പ്രാഥമിക പഠനം. കാസർകോട് മോഡൽ െറസിഡൻഷ്യൽ സ്‌കൂളിൽ തുടർപഠനം. ബളാൽ ഗവ. സ്കൂളിൽ കൊമേഴ്സിൽ ഹയർസെക്കൻഡറി പഠനംകൂടി കടന്നുകയറിയപ്പോൾ ഇനിയങ്ങോട്ട് പഠിക്കണോ എന്ന ചിന്തയായി. സ്കൂൾ പഠനകാലത്ത് അഞ്ചുവർഷം സർക്കാർ ഹോസ്റ്റലിലായതിനാൽ വീട്ടിലെ ദുരിതം അത്രയങ്ങ് അനുഭവിച്ചിട്ടില്ല. എന്നാൽ, ഹയർസെക്കൻഡറി പഠനകാലം ഇതു ശരിക്കും അനുഭവിച്ചു.

ആദ്യം കിട്ടിയ ജോലി പാണത്തൂർ ടെലിഫോൺ എക്‌സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റിയുടെ താത്‌കാലികക്കാരന്റേത്. ജോലി ചെയ്തുകൊണ്ടുതന്നെ ബിരുദത്തിനു ചേർന്നു. രാജപുരം സെയ്ന്റ് പയസ് ടെൻത് കോളേജിൽനിന്ന് കൊമേഴ്‌സിൽ ബിരുദം സ്വന്തമാക്കി. നല്ല ജോലിക്കായി പഠനം തുടർന്നു. കേന്ദ്ര സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.ജി.യെടുത്തു. പിന്നെ സാമ്പത്തികശാസ്ത്രത്തിൽ പി.എച്ച്ഡി. ചെന്നൈ ഐ.ഐ.ടി.യിൽനിന്ന്.

പി.എച്ച്ഡി. കഴിഞ്ഞപ്പോൾ ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി കിട്ടി. അവിടെനിന്നാണ് റാഞ്ചി ഐ.ഐ.എമ്മിൽ പ്രവേശനം കിട്ടിയത്. അടുത്തമാസം ജോലിക്കു ചേരും -രഞ്ജിത് പറഞ്ഞു.

കേളപ്പൻകയത്തിലെ എ. രാമചന്ദ്രന്റെയും പി.വി. ബേബിയുടെയും മകനാണ് രഞ്ജിത്. എം.എ.യും ബി.എഡും പഠിച്ച രഞ്ജിത, ഹോട്ടൽ മാന്ജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ രാഹുൽ എന്നിവർ സഹോദരങ്ങളാണ്.

കാലിക്കറ്റ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്കു നാലാം റാങ്കുകാരനായിരുന്നു താനെന്ന് രഞ്ജിത്ത് പറയുന്നു. ജനുവരിയിലായിരുന്നു അഭിമുഖം. നാല് ഒഴിവുണ്ടായിരുന്നു. മൂന്നുപേർക്ക് ജോലിനൽകി. ഇതുതന്നെ ആദ്യ മൂന്നു റാങ്കിൽ ഉൾപ്പെട്ടവർക്കായിരുന്നില്ല. സർവകലാശാലയ്ക്കു കത്തെഴുതിയെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.