കേന്ദ്രം കാലാവുധി നീട്ടിയില്ല: കേരള നിയമസഭയിൽ ഇനി ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിയുണ്ടാകില്ല

33

കേരള നിയമസഭയിൽ ഇനി ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിയുണ്ടാകില്ല. ന്യൂനപക്ഷ വിഭാഗമായ ഇവർക്ക് ഭരണഘടന വ്യവസ്ഥചെയ്ത പ്രത്യേക പ്രാതിനിധ്യ കാലാവധി കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചുകൊടുക്കാത്തതിനാലാണിത്. കഴിഞ്ഞ സഭയിലുണ്ടായിരുന്ന ജോൺ ഫെർണാണ്ടസാണ് കേരള നിയമസഭയിലെ അവസാന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി. ഡബ്ല്യു എച്ച് ഡിക്രൂസായിരുന്നു ആദ്യ പ്രതിനിധി. സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ആഗ്ലോ–-ഇന്ത്യൻസ് ഭാഷാ ന്യൂനപക്ഷംകൂടിയാണ്. ഈ പരിഗണനയിലാണ് ലോക്സഭയിൽ രണ്ടും കേരളമുൾപ്പെടെ 13 നിയമസഭകളിൽ ഒരാളെ വീതവും നാമനിർദേശംചെയ്യാൻ ഭരണഘടന പ്രത്യേക വ്യവസ്ഥ കൊണ്ടുവന്നത്.

ലോക്സഭയിലേക്ക് രാഷ്ട്രപതിയും നിയമസഭകളിലേക്ക് ഗവർണർമാരുമാണ് സർക്കാർ ശുപാർശ അംഗീകരിച്ച് നാമനിർദേശംചെയ്യുക. ഭരണഘടനാ വ്യവസ്ഥയുടെ കാലാവധി 2020 ജനുവരി 25ന് അവസാനിച്ചു. പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്ക് പാർലമെന്റിന്റെ ഇരു സഭകളിലുമുള്ള സംവരണം പത്ത് വർഷത്തേക്കുകൂടി ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയെങ്കിലും ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയുടെ പ്രത്യേക പ്രാതിനിധ്യ കാലാവധി ദീർഘിപ്പിച്ചില്ല. ഭരണഘടനാ ഭേദഗതിക്ക് കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം കൊണ്ടുവന്നുവെങ്കിലും കേന്ദ്രം അവഗണിച്ചു. രാഷ്ട്രപതി, രാജ്യസഭാംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമൊഴികെ എംഎൽഎമാരുടെ എല്ലാ അവകാശങ്ങളും ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിക്കും ലഭിച്ചിരുന്നു. അവിശ്വാസ പ്രമേയവേളയിൽ വോട്ടവകാശംവരെയുണ്ടായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ നാമനിർദേശം ചെയ്യപ്പെട്ടത് സ്റ്റീഫൻ പഡുവയാണ്. തുടർച്ചയായി നാല് തവണ. ജോൺ ഫെർണാണ്ടസ്, ലൂഡി ലൂയിസ് എന്നിവർ രണ്ട് തവണയും. സൈമൺ ബ്രിട്ടോയും അദ്ദേഹത്തിന്റെ അച്ഛൻ നിക്കോളാസ് റോഡ്രിഗ്സും സഭയിൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.