പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങളോടെ ലക്ഷദ്വീപിന് വേണ്ടി കേരള നിയമസഭയുടെ പ്രമേയം: കേന്ദ്രത്തിന് അതി രൂക്ഷ വിമർശനം

4

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ച് കേരള നിയമസഭ. പ്രതിപക്ഷം ഉന്നയിച്ച ചില ഭേദഗതികള്‍ അംഗീകരിച്ച് സഭ പ്രമേയം പാസാക്കി. പി.ടി. തോമസ്, എന്‍. ഷംസുദ്ദീന്‍, അനൂപ് ജേക്കബ് എന്നിവരാണ്‌ പ്രതിപക്ഷത്തുനിന്ന് ഭേദഗതികള്‍ നിര്‍ദേശിച്ചത്. ഇതില്‍ ചില ഭേദഗതികള്‍ അംഗീകരിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ നീക്കണം എന്നു മാത്രമല്ല ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ മുഴുവന്‍ ഉത്തരവുകളും റദ്ദ് ചെയ്യണമെന്ന് പ്രമേയം ആവശ്യപ്പെടണമെന്നായിരുന്നു എന്‍. ഷംസുദ്ദീന്‍ ഉന്നയിച്ച പ്രധാന ഭേദഗതി. ഷംസുദ്ദീന്റെ ഭേദഗതി നിര്‍ദേശത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി അത് അംഗീകരിച്ചത്. അതായത്- ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ മുഴുവന്‍ ഉത്തരവുകളും റദ്ദാക്കണമെന്ന് പറയാനാകില്ല. പകരം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദമായ മുഴുവന്‍ ഉത്തരവുകളും റദ്ദ് ചെയ്യണമെന്ന് പ്രമേയത്തില്‍ ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഞായറാഴ്ച നിയമസഭ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച പ്രമേയമായിരുന്നില്ല മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. അതേസമയം മാറ്റം വരുത്തി പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ട്. കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനെതിരെയും കടുത്തവിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ളതായിരുന്നു ഇന്നത്തെ പ്രമേയം. പ്രമേയത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

നേരത്തെ പ്രസിദ്ധീകരിച്ച പ്രമേയം വായിച്ച പ്രതിപക്ഷം, കേന്ദ്രസര്‍ക്കാരിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കാനിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉള്‍പ്പെടുത്തിയ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചതോടെ അതിനെ പൂര്‍ണമായി അനുകൂലിക്കുന്ന രീതിയാണ് പ്രതിപക്ഷം സ്വീകരിച്ചത്.