താൽക്കാലികക്കാരായ 1,800 പേരെ സ്ഥിരപ്പെടുത്താൻ കേരള ബാങ്ക് സമർപ്പിച്ച ശുപാർശ സഹകരണവകുപ്പ് തിരിച്ചയച്ചു

14

താൽക്കാലികക്കാരായ 1,800 പേരെ സ്ഥിരപ്പെടുത്താൻ കേരള ബാങ്ക് സമർപ്പിച്ച ശുപാർശ സഹകരണവകുപ്പ് തിരിച്ചയച്ചു.

സ്ഥിരപ്പെടുത്തുന്നതിനുള്ള സാമ്പത്തികബാധ്യതപോലും സൂചിപ്പിക്കാതെയാണ് കേരള ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ശുപാർശ സർക്കാരിന് നൽകിയത്. സഹകരണ രജിസ്ട്രാറെ ഇക്കാര്യം അറിയിച്ചിട്ടുമില്ല. വലിയ തോതിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോഴുണ്ടാകാനിടയുള്ള ബാധ്യതയെക്കുറിച്ച് പഠനങ്ങളൊന്നും നടത്തിയതായി ശുപാർശയിൽ പറയുന്നില്ല. സഹകരണ രജിസ്ട്രാറാണ് ഇക്കാര്യത്തിൽ പരിശോധന നടത്തി ശുപാർശ സർക്കാരിലേക്ക് അയക്കേണ്ടത്. ആ നടപടിക്രമമെല്ലാം ലംഘിച്ച് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഫയൽ സമർപ്പിക്കുകയായിരുന്നു.

ശുപാർശ അതേപടി കേരള ബാങ്ക് സി.ഇ.ഒ.യ്ക്ക് സഹകരണ വകുപ്പ് സെക്രട്ടറി തിരിച്ചയച്ചു. വിശദമായ പരിശോധന നടത്തിയശേഷം അതിന്റെ റിപ്പോർട്ട് സഹിതം ശുപാർശ തിരികെ സമർപ്പിക്കാമെന്നും കത്തിൽ പറയുന്നു.

ബ്രാഞ്ചുകളിലും ഓഫീസുകളിലും താത്കാലികക്കാരായി ജോലി ചെയ്യുന്നവരുടെ തസ്തിക തിരിച്ചുള്ള പട്ടികയാണ് സ്ഥിരപ്പെടുത്തലിനായി ബാങ്ക് സമർപ്പിച്ചത്.

മുമ്പ് സഹകരണ ബാങ്ക് ആയിരുന്നപ്പോൾ പി.എസ്.സി. വഴി നിയമനം നടത്തിയിരുന്ന തസ്തികകളും സ്ഥിരപ്പെടുത്തലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലർക്ക്, സെക്യൂരിറ്റി, കളക്‌ഷൻ ഏജന്റ്, നൈറ്റ് വാച്ച്മാൻ, സ്വീപ്പർ, ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്‌ട്രീഷ്യൻ, കീബോയ്, ഗൺമാൻ തുടങ്ങിയ തസ്തികകളിലാണ് സ്ഥിരപ്പെടുത്താൻ നിർദേശമുള്ളത്. പത്ത് വർഷത്തിലേറെയായി തുടർച്ചയായി ഇവർ ജോലിചെയ്യുന്നുവെന്നാണ് ശുപാർശയിൽ പറയുന്നത്.

പി.എസ്.സി. റാങ്ക്പട്ടികയുണ്ടായിരുന്നിട്ടും കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെടുത്തി സംസ്ഥാന സഹകരണ ബാങ്കിലേക്കുള്ള നിയമനം തടഞ്ഞുവെച്ചിരുന്നു. കാലാവധി അവസാനിച്ച് റാങ്ക്പട്ടികകൾ റദ്ദാവുകയും ചെയ്തു. കോടതി നിർദേശപ്രകാരം ഒഴിവുകൾ സോപാധികമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടും നിയമനം നടത്താൻ സാധിച്ചിട്ടില്ല. ഒഴിവുകളില്ലെന്ന വാദമാണ് ബാങ്ക് അധികൃതർ കോടതിയെ അറിയിക്കുന്നത്. അതിനിടയിലാണ് 1800-ഓളം പേരെ സ്ഥിരപ്പെടുത്താൻ ക്രമരഹിതമായി സർക്കാരിന് ശുപാർശ സമർപ്പിച്ചത്.