കേരളത്തിൽ ഇടത് തുടർഭരണം പ്രവചിച്ച് മലയാളം ചാനൽ സർവേകളും: 104-120വരെയെന്ന് മാതൃഭൂമി, 77-86 വരെയെന്ന് ഏഷ്യാനെറ്റ്,73-78വരെയെന്ന് മനോരമ ന്യൂസ്‌

25

കേരളത്തിൽ ഇടതുമുന്നണിക്ക് തുടർ ഭരണം പ്രവചിച്ച് മലയാളം വാർത്താ ചാനലുകളുടെ എക്സിറ്റ് പോളുകൾ. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവരുടെ സർവേ ഫലങ്ങളാണ് വെള്ളിയാഴ്ച്ച പുറത്തുവിട്ടത്.

സംസ്ഥാനത്ത് ശക്തമായ ഇടത് അനുകൂല തരംഗമെന്നാണ് മാതൃഭൂമി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള് ഫലം. 104 മുതൽ 120 വരെ സീറ്റുകൾ നേടിയ വലിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തില് വരുമെന്നും സർവേ പ്രവചിക്കുന്നു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും ഭരണാനുകൂല തരംഗമാണുള്ളതെന്നും സർവേ സൂചിപ്പിക്കുന്നു. യു.ഡി.എഫ് 20-36 സീറ്റുകൾ നേടുമെന്നും എൻ.ഡി.എക്ക് 0-2 സീറ്റുകൾ ലഭിക്കുമെന്നുമാണ് സർവേ നൽകുന്ന സൂചന. എൽ.ഡി.എഫിന് 47%, യു.ഡി.എഫ് 38%, എൻ.ഡി.എ 12% എന്നിങ്ങനെയാണ് പ്രവചിക്കപ്പെടുന്ന വോട്ട് വിഹിതം.

എൽ.ഡി.എഫിന് തുടർ ഭരണമാണ് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോർ പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നത്. 77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും, യു.ഡി.എഫ് 52 മുതൽ 61 സീറ്റുകൾ വരെ നേടാമെന്നും ഫലം പറയുന്നു. ബി.ജെ.പിക്ക് രണ്ട് മുതൽ അഞ്ച് വരെ സീറ്റുകളാണ് ലഭിക്കുക. മറ്റുള്ളവർ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും സർവേ പറയുന്നുണ്ട്. വോട്ട് ശതമാനത്തിലും മുന്നിൽ ഇടതുപക്ഷമാണ്. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യു.ഡി.എഫിന് 38 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന എൻ.ഡി.എക്ക് 17 ശതമാനം വോട്ടാണ് നേടാനാവുക.

73 സീറ്റുകളോടെ എൽ.ഡി.എഫ് സർക്കാർ അധികാരം നിലനിർത്തുമെന്നാണ് മനോരമ ന്യൂസ്-വി.എം.ആർ എക്സിറ്റ്പോളിന്റെ അന്തിമഫലം. യു.ഡി.എഫ് 64 സീറ്റുകൾ നേടും. എൻ.ഡി.എയ്ക്ക് രണ്ടുസീറ്റുകളും കേരള ജനപക്ഷത്തിന് ഒരു സീറ്റും എക്സിറ്റ്പോൾ പ്രവചിക്കുന്നു.

കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളും എൽ.ഡി.എഫിന് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു.