ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ: ബുധനാഴ്ച മുതൽ മാളുകൾ തുറക്കാം

21

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. വരാന്ത്യ ലോക്ക് ഡൗണിൽ ശനിയാഴ്ച ഒഴിവാക്കിയുള്ള ആദ്യ ആഴ്ച ലോക്ക് ഡൗൺ ആണ് ഇന്ന്. അടിയന്തിര ആവശ്യങ്ങൾക്ക് അനുമതിയുണ്ട്. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനാണ് നിർദേശം. അതേ സമയം കടകൾക്കു ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ് മാളുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ വരെ പ്രവർത്തിക്കാം. ഈ ബുധനാഴ്ച മുതലാണ് അനുമതി. ഞായറാഴ്ച വാരാന്ത്യ ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.

മാളുകളിൽ ആളുകൾ വെറുതേ എത്തുന്നില്ലെന്ന് നടത്തിപ്പുകാർ ഉറപ്പാക്കണം. ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയുണ്ടാകില്ല. ഓരോ കടകളെയും പ്രത്യേകമായാണ് കണക്കാക്കുന്നത്.

72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്സിൻ എടുത്തതിന്റെ രേഖ, ഒരുമാസം മുമ്പ് കോവിഡ് വന്ന് മാറിയതിന്റെ രേഖ ഇവയിലേതെങ്കിലും ഉള്ളവർക്കേ പ്രവേശനം നൽകാവൂവെന്നാണ് വ്യവസ്ഥ.

നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. മറ്റു ജീവനക്കാർ വർക്ക്ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ) ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.