പ്രതിപക്ഷ നേതാവ് ആരെന്നതിൽ തീരുമാനം രണ്ടു ദിവസത്തിനകമെന്ന് നേതാക്കൾ

8

കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമതീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് നേതൃത്വം. എം.എൽ.എ.മാരിൽ നിന്നും എം.പി.മാരിൽ നിന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളിൽ നിന്നും അഭിപ്രായമാരാഞ്ഞ ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയ ഉടൻതന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വിവരങ്ങൾ ധരിപ്പിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിച്ചശേഷം നേതൃമാറ്റ കാര്യത്തിൽ തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നതെന്നറിയുന്നു.

21 കോൺഗ്രസ് എം.എൽ.എ.മാരിൽ എ., ഐ. ഗ്രൂപ്പുഭേദമില്ലാതെ നല്ലൊരുഭാഗം രമേശ് ചെന്നിത്തല തുടരണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വി.ഡി. സതീശൻ വരണമെന്ന താത്‌പര്യക്കാരാണ് ഇരു ഗ്രൂപ്പിലെയും യുവ എം.എൽ.എ.മാരിൽ ഭൂരിഭാഗവുമെന്നാണ് സൂചന.