പ്രത്യേക നിയമസഭാ സമ്മേളനം: മന്ത്രിമാർ ഗവർണറെ കണ്ടു; പോസിറ്റീവ് ആയ സമീപനയായിരുന്നു ഗവർണറിൽ നിന്നുണ്ടായതെന്ന് മന്ത്രിമാർ

25

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രിമാരായ എ.കെ. ബാലനും വി.എസ്. സുനില്‍കുമാറും. ഗവര്‍ണറുമായി നടന്ന ചര്‍ച്ചയിലെ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. തുടര്‍ന്ന് ഗവര്‍ണറെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കും. പിന്നീട് ഗവര്‍ണര്‍ യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

“വളരെ പോസിറ്റീവ് ആയ സമീപനമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. 31ന് ചേരേണ്ട നിയമസഭാ സമ്മേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ആലോചിക്കും. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക”. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യവും ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് നിയമമന്ത്രി എ.കെ. ബാലനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഗവര്‍ണറെ കണ്ടത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. 35 മിനിറ്റോളം അവര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി.