വിവാദ നയതന്ത്ര സമ്മേളനത്തിലെ മഹിളാ മോർച്ച നേതാവിന്റെ ചിത്രവുമായി കേസരിയുടെ കവർ: ആർ.എസ്.എസിൽ പ്രതിഷേധം; സമൂഹ മാധ്യമങ്ങളിൽ പരസ്യ വിമർശനം

68

വിവാദ നയതന്ത്ര സമ്മേളനത്തിലെ മഹിളാ മോർച്ച നേതാവിന്റെ ചിത്രം ആർ.എസ്.എസ് വാരികയുടെ കവർ ചിത്രമായി പ്രസിദ്ധീകരിച്ചതിൽ സംഘപരിവാർ അണികളിൽ കടുത്ത അസംതൃപ്തിയും പ്രതിഷേധവും. ഡിസംബർ 25 ലക്കം കേസരി വാരികയുടെ കവർ ചിത്രത്തിലാണ് വിവാദ നേതാവ് സ്മിത മേനോൻ ഇടംപിടിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനെപ്പറ്റി എഴുതിയ ‘തടയാനാവാത്ത താമര വസന്തം’ കവർ സ്റ്റോറിയുടെ ചിത്രത്തിലാണിത്.

ആർ.എസ്.എസ് സർസംഘ ചാലക് മോഹൻ ഭാഗവത് കേസരിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനംചെയ്യാൻ കോഴിക്കോട്ട് 29ന് എത്താനിരിക്കെയാണ് പുതിയ വിവാദം.

ബി.ജെ.പി യിലെ ഗ്രൂപ്പുപോരിൽ സംഘത്തിലെ ഒരുവിഭാഗം പ്രചാരകർ പരസ്യമായി മുരളീധരപക്ഷത്തിന് പിന്തുണ നൽകുന്നതിന്റെ സൂചനയായാണ് പാർടിയിലെ എതിർ വിഭാഗം ഇതിനെ കാണുന്നത്. ബി.ജെ.പിയിൽ ചേക്കാറാൻ ആഗ്രഹിക്കുന്ന ഇവർ സംഘമര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതായാണ് പാർടിയിലെ എതിർപക്ഷം വിലയിരുത്തുന്നത്.

നിയമലംഘനം നടത്തുന്നവരെ പരസ്യമായി അനുകൂലിക്കുന്ന രാഷ്ട്രീയ സംസ്കാരം എങ്ങനെ സംഘത്തിന് കൈക്കൊള്ളാൻ കഴിയും എന്നാണ് ഇവർ ചോദിക്കുന്നത്. അബുദാബിയിലെ സമ്മേളനത്തിൽ സ്മിത പങ്കെടുത്തത് വി മുരളീധരന്റെ താൽപ്പര്യപ്രകാരമാണെന്ന വാർത്തകൾ നേരത്തെ വിവാദമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.