ഹൈദരാബാദ് എഫ്‌.സിക്കെതിരായ തോൽവിക്ക് പിന്നാലെ പരിശീലകൻ കിബു വികുനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി

12

ഹൈദരാബാദ് എഫ്‌.സിക്കെതിരായ തോൽവിക്ക് പിന്നാലെ പരിശീലകൻ കിബു വികുനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. സീസണിലെ ഏറ്റവും വലിയ തോൽവിയാണ് (4-0) കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് ഏറ്റുവാങ്ങിയത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു. കനത്ത തോൽവിക്ക് പിന്നാലെയാണ് മാനേജ്മെന്റ് കടുത്ത നിലപാടിലേക്ക് കടന്നതെന്നാണ് റിപ്പോർട്ടുകൾ. സീസണിൽ 18 മത്സരങ്ങളിൽ മൂന്ന് വിജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഏഴ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന് മറക്കാൻ ആഗ്രഹിക്കുന്ന സീസണാകും ഇത്. സീസണിലെ ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര കാഴ്ചവെച്ചത്. 33 ഗോളുകൾ വഴങ്ങിയപ്പോൾ 22 ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. കേരളവും ഒഡീഷ എഫ്‌സിയും മാത്രമാണ് 25 ലധികം ഗോളുകൾ വഴങ്ങിയത്. കഴിഞ്ഞ സീസണിന് മുൻപാണ് വികുനയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ സീസണിൽ വികുന പരിശീലകനായിരുന്ന മോഹൻ ബഗാൻ ഐ-ലീഗ് കിരീടം നേടിയിരുന്നുവെങ്കിലും ക്ലബ് എടി‌കെയുമായി ലയിപ്പിച്ച് എ‌ടി‌കെ മോഹൻ ബഗാൻ ആയി മാറിയതിന് ശേഷം അവർ വികുനയെ പോകാൻ അനുവദിക്കുകയായിരുന്നു. അന്റോണിയോ ഹബാസ് പരിശീലകനായ എടികെ മോഹൻ ബഗാൻ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിൽ, കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് വികുന ഒഴിഞ്ഞുമാറി. “എന്നെ സംബന്ധിച്ചിടത്തോളം ഈ സീസൺ വളരെ നിരാശാജനകമാണ്. സാധ്യമായ ഏറ്റവും മികച്ച പരിശീലനം നേടുന്നതിന് കഠിനമായി പരിശ്രമിച്ചു. ഞങ്ങൾക്ക് വളരെ ചെറിയ പ്രീ സീസൺ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ സീസൺ നന്നായി ആരംഭിച്ചില്ല. അതിനുശേഷം , സ്ഥിരത പുലർത്താൻ ഞങ്ങൾക്ക് കഴിഞ്ഞതുമില്ല. “- അദ്ദേഹം പറഞ്ഞു.