മന്ത്രിസഭയിൽ നിന്നും കെ.കെ ശൈലജയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സി.പി.എം: ഒരാൾക്ക് മാത്രമായി ഇളവ് നൽകുന്നത് മറ്റ് വ്യാഖ്യാനങ്ങൾക്ക് ഇടയാക്കും, ബൂർഷ്വാ മാധ്യമ പ്രചാരണത്തിൽ പാർട്ടി സുഹൃത്തുക്കളും അകപ്പെട്ടുവെന്ന് എസ്. രാമചന്ദ്രൻ പിള്ള ദേശാഭിമാനിയിൽ

15

രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ ശൈലജയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സി.പി.എം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള എഴുതിയ ലേഖനത്തിലാണ് ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കിയത്. എംഎൽഎമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാൾക്കോ കുറേപ്പേർക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന് ഇളവ് നൽകേണ്ടന്ന് സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്‌ഠേനയുള്ള തീരുമാനമാണ്. ഇളവ് നൽകിയാൽ 26 എംഎൽഎമാർക്കും 11 മന്ത്രിമാർക്കും ഇളവ് നൽകേണ്ടി വരുമായിരുന്നു.അങ്ങനെയെങ്കിൽ പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയിൽ എടുക്കാൻ കഴിയുമായിരുന്നില്ല. എംഎൽഎമാരുടെ പുതുനിരയും ഉണ്ടാകുമായിരുന്നില്ല എന്ന് ലേഖനത്തിൽ വിശദീകരിക്കുന്നു.

മന്ത്രിസഭാ രൂപവത്കരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന മാധ്യമപ്രചാരണത്തിൽ ഇടതുപക്ഷസുഹൃത്തുക്കൾ അടക്കം പെട്ടുപോയി. ഇത്തരം പ്രചാരവേലയ്‌ക്ക്‌ ഒരു അടിസ്ഥാനവുമില്ല. പാർട്ടിയെ പ്രതിനിധാനംചെയ്‌ത്‌ കഴിഞ്ഞ മന്ത്രിസഭയിൽ രണ്ട്‌ വനിതകൾ ഉണ്ടായിരുന്നു. പുതിയ മന്ത്രിസഭയിലും പാർട്ടിയെ പ്രതിനിധാനംചെയ്‌ത്‌ രണ്ട്‌ വനിതകളുണ്ട്‌. പുതിയ അംഗങ്ങളെ നിശ്ചയിച്ചുവെന്നത്‌ വനിതകളെ അവഗണിച്ചതിന്‌ കാരണമായി എടുത്തുകാട്ടുന്നത്‌ യുക്തിക്ക്‌ നിരക്കാത്തതാണ്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന രണ്ട്‌ വനിതകൾക്ക്‌ പകരം ഇന്ന്‌ മൂന്ന്‌ വനിതകളാണുള്ളത്‌. വ്യക്തിപരമായി ആരെയെങ്കിലും പരിഗണിച്ചോ ഇല്ലയോ എന്ന നിലയിലല്ല മറിച്ച്‌ നയം എങ്ങനെ നടപ്പാക്കിയെന്ന അടിസ്ഥാനത്തിലാണ്‌ പാർട്ടിയുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ടത്‌.

‘തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാർലമെന്ററി വ്യാമോഹം പാർട്ടി ശക്തമായ സംസ്ഥാനങ്ങളിലും ദുർബലമായ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇത് പാർട്ടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്ക്കുമുള്ള ഉറവിടം കൂടിയാണ്’ ഒരാൾ ഒരേസ്ഥാനത്ത് തുടരുന്നത് പാർട്ടിക്കുള്ളിൽ ആരോഗ്യകരമായ കൂട്ടായ്മ വളർത്തുന്നതിന് പ്രയാസകരമാകും. ചണ്ഡീഗഢ് പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ഉദ്ധരിച്ച് എസ് ആർ പി വിശദീകരിക്കുന്നു.

പാർട്ടിയുടെ നിലവിലുണ്ടായിരുന്ന 59 എംഎൽഎമാരിൽ 26 പേർ രണ്ടുതവണതുടർച്ചയായി വിജയിച്ച് എംഎൽഎമാരായി തുടരുന്നവരായിരുന്നു. സ്ഥാനാർത്ഥിത്വം വീണ്ടും ലഭിക്കാത്ത ഈ 26 പേരിൽ അഞ്ചുപേർ മന്ത്രിമാരുമായിരുന്നു. മന്ത്രിസഭാ രൂപീകരണ ഘട്ടത്തിൽ തന്നെ കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി രാമകൃഷ്ണൻ, എം.എം മണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പുതിയ മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

ആരെയെങ്കിലും പ്രത്യേകമായി പരിഗണിച്ചാൽ ചിലരുടെ മാത്രം പ്രവർത്തനം അംഗീകരിക്കപ്പെടാൻ ഇടയുണ്ട്. അത് പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളർത്താൻ ഇടയാക്കും. അതിനാലായിരുന്നു അത്തരമൊരു തീരുമാനം. പ്രധാനപ്പെട്ട പാർട്ടി സ്ഥാനങ്ങളിലേക്കും പാർലമെന്ററി സ്ഥാനങ്ങളിലേക്കും കഴിവുള്ളവർക്ക് കടന്നുവരുന്നതിന് പുതിയ അവസരം ലഭിക്കും. പാർട്ടി തുടർച്ചയായി പുതുക്കപ്പെടാൻ ഇത്തരം മാറ്റങ്ങൾ സഹായിക്കുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എസ്.രാമചന്ദ്രൻപിള്ള വിശദീകരിക്കുന്നു.