രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ പ്രതീക്ഷയോടെ കേരളം: ഭാവി വികസനത്തിന്‌ സഹായകരമാകുന്നതാവും ബഡ്ജറ്റെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ; ബഡ്ജറ്റ് അവതരണം രാവിലെ ഒൻപതിന്

15

കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ ഫേസ്ബുക്കില്‍ കുറിച്ചു.

രാവിലെ ഒന്‍പത് മണിയോടെയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. കോവിഡ് സാഹചര്യത്തില്‍ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് വളരെ പ്രതീക്ഷയോടെയാണ് വിവിധ മേഖലകള്‍ ഉറ്റുനോക്കുന്നത്. കൊവിഡ് പ്രതിരോധത്തിലും ദുരിതാശ്വാസത്തിലും ഊന്നിയാകും കെ. എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റെന്നാണ് കരുതുന്നത്. വരുമാന വര്‍ധനവിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. കൊവിഡ് വാക്‌സിന്‍ വാങ്ങാനാവശ്യമായ തുക വകയിരുത്തും. കടലാക്രമണം പ്രതിരോധിക്കാന്‍ സമഗ്ര പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. ചുമതലയേറ്റ രണ്ടാഴ്ചയ്ക്ക് ശേഷം ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. നികുതി കൂട്ടാതെ ചെലവ് ചുരുക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ബജറ്റിൽ ശ്രമിക്കുക.

കോവിഡ് പ്രതിരോധത്തിന് വലിയ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കും പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും. അതിവേഗ റെയിൽപാത,വ്യവസായ ഇടനാഴി എന്നിവ ബജറ്റിൽ ഇടംപിടിക്കും. മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയാകും കെ എൻ ബാലഗോപാൽ അവതരിപ്പിക്കുക.

കോവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവും സംഭവിച്ചു. ശമ്പള പരിഷ്‌കരണ ശുപാർശ നടപ്പാക്കിയതോടെ ചെലവിൽ കൂടുതൽ വർധനയുണ്ടായി. കോവിഡ് പ്രതിരോധത്തിനും കൂടുതൽ പണം നീക്കിവക്കേണ്ടതുണ്ട്. പ്രതിസന്ധികളെ മറികടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാന വരുമാനത്തിന്റെ പ്രധാന മാർഗങ്ങളായ മദ്യവിൽപനയും ലോട്ടറിയും ലോക്ക്ഡൗണിൽ നിലച്ച അവസ്ഥയിലാണ്. ക്ഷേമ പെൻഷനുകൾ, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കും പണം കണ്ടെത്തേണ്ടിയിരിക്കുന്നു. കടബാധ്യത ഉയരുകയും വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബിയെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കരുതി വെച്ചിരിക്കുന്നത് എന്തെന്ന് ഇന്നറിയാം.