കൊച്ചിൻ ദേവസ്വം ബോർഡിന്റെ 2021ലെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടിനായർ സ്മാരക പുരസ്കാരത്തിന് വാദ്യകലാകാരൻ കിഴക്കൂട്ട് അനിയൻ മാരാർ അർഹനായി. സ്വർണ്ണപതക്കവും കീർത്തിഫലകവും പ്രശംസാപ്രതവും അടങ്ങിയതാണ് പുരസ്കാരം. ആറാട്ടുപുഴ ദേവമേളയെ പുനരുജ്ജീവിപ്പിച്ച് കൂടുതൽ മോടിയാക്കി നിലനിർത്താൻ വേണ്ടി ആയുഷ്ക്കാലം മുഴുവനും പ്രയത്നിച്ച ആറാട്ടുപുഴ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടിനായരുടെ സ്മര ണയക്ക് കൊച്ചിൻ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. പെരുവനം ആറാട്ടുപുഴ പൂരത്തിന് പ്രശസ്ത സേവനം നടത്തിയിട്ടുള്ള പ്രതിഭകൾക്കാണ് ഈ പുരസ്കാരം നൽകിവരുന്നത്. തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളപ്രമാണിയായ ആദ്യവ്യക്തി കൂടിയാണ് കിഴക്കൂട്ട് അനിയൻമാരാർ. ആറാട്ടുപുഴ പെരുവനം, തൃപ്രയാർ, ഉത്രാളിക്കാവ്, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം , താണിക്കുടം, കുറ്റുമുക്ക് തുടങ്ങി കേരളത്തിലെ ചെറുതും വലുതുമായ നിരവധി പൂരങ്ങൾക്കും വേലകൾക്കും പ്രാമാണ്യം വഹിച്ചിട്ടുണ്ട്. താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ സംബന്ധി അടിയന്തിരമാരായിരുന്നു.11 -ാം വയസ്സിൽ നെട്ടിശ്ശേരി ക്ഷേത്രത്തിൽ ആയിരുന്നു അരങ്ങേറ്റം. 17 -ാം വയസ്സിൽ ഇലഞ്ഞിത്തറമേളത്തിന് മുൻനിരയിൽ കൊട്ടിത്തുടങ്ങിയ അനിയൻമാരാർ വർഷങ്ങളോളമായി തൃശൂർ പൂരത്തിലെ പാറമേക്കാവ് വിഭാഗത്തിന്റെ പങ്കാളി യായിരുന്നു. 2011ൽ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായി തെരഞ്ഞെടുക്കപ്പെട്ടു. 2010ലെ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 22ന് കാലത്ത് 7.30 ന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തുന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട്
വി.നന്ദകുമാർ പുരസ്കാരം സമ്മാനിക്കും. തദവസരത്തിൽ ബോർഡ് അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ തുടങ്ങിയവർ പങ്കെടുക്കും.