കൊടകര കുഴൽപ്പണക്കവർച്ചാകേസ്: ബി.ജെ.പി കുരുക്കിലേക്ക്: കാറിൽ മൂന്നരക്കോടി ഉണ്ടായിരുന്നുവെന്ന് യുവമോർച്ചാ നേതാവിന്റെ മൊഴി, ആസൂത്രണം നടത്തിയത് തൃശൂരിലെന്ന് തെളിവ് ലഭിച്ചു; ബി.ജെ.പി മേഖലാ സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ നാളെ ചോദ്യം ചെയ്യും

99

കൊടകര കുഴല്‍പ്പണക്കേസിൽ അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് നീളുന്നു. മേഖലാ സെക്രട്ടറി ജി. കാശിനാഥൻ, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.ആര്‍ഹരി എന്നിവരെ ശനിയാഴ്ച ചോദ്യം ചെയ്യും. മൂന്ന് പേരോടും ഹാജരാകാന്‍ അന്വേഷണ സംഘം അവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ക്കെതിരെ അന്വേഷണം നീണ്ടതോടെ ആശങ്കയിലാണ് ബി.ജെ.പി-സംസ്ഥാന ദേശീയ നേതൃത്വം. കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കവർച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. പണം സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണെന്നും പോലീസ് കണ്ടെത്തി. മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് ബി.ജെ.പി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായക്കും പൊലീസിനോട് സമ്മതിച്ചു. തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വച്ച് ഒരു സംഘം തട്ടിയെടുത്തത്. എന്നാല്‍ 25 ലക്ഷം രൂപ മാത്രമേ നഷ്ടപ്പെട്ടിരുന്നുള്ളുവെന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പുതിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായിക്കും വണ്ടിയില്‍ മൂന്നരക്കോടിയുണ്ടായിരുന്നെന്ന് സമ്മതിച്ചു. യുവമോര്‍ച്ച മുന്‍ ട്രഷററായ സുനില്‍ നായിക്കാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മ്മജന്‍ വഴി പണം കൊടുത്തയച്ചത്. എവിടേക്കാണ് പണം കൊടുത്തയച്ചതെന്ന കൃത്യമായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് പണം വന്നതെന്നും വ്യക്തമായി.
സംഭവത്തിനു പിന്നാലെയാണ് നാളെ ബി.ജെ.പി ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.