‘കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി നേതാക്കൾ കൂടുതൽ കുരുക്കിലേക്ക്’: ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷിനെ ഇന്ന് ചോദ്യം ചെയ്യും: ഹോട്ടലിൽ മുരിയെടുത്ത് നൽകിയത് ബി.ജെ.പി ഓഫീസ് സെക്രട്ടറിയാണെന്ന് ആർ.എസ്.എസ് പ്രവർത്തകന്റെ മൊഴി; കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി

28

കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് നേരിട്ട് നോട്ടീസ് നൽകിയിരുന്നു. രാവിലെ പത്തിന് തൃശൂർ പോലീസ് ക്ലബിൽ ഹാജരാവാനാണ് നിർദേശം. സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് നാളെ ഹാജരാവുമെന്നാണ് അറിയുന്നത്. ഇന്നലെ ചോദ്യം ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജിൽ നിന്നും ബി.ജെ.പി നേതാക്കളെ ബന്ധിപ്പിക്കുന്ന നിർണായക മൊഴി അന്വേഷണസംഘത്തിന് ലഭിച്ചു. തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറിയാണെന്ന് ധർമരാജ് അന്വേഷണസംഘത്തിന് മൊഴി നൽകി. തൃശൂർ ഓഫീസ് സെക്രട്ടറിയും ജില്ലാ നേതാവുമായ സതീശനെതിരെയാണ് ധർമ്മരാജ് മൊഴി നൽകിയത്. വ്യാഴാഴ്ച ആറര മണിക്കൂറിലധികം നേരം നീണ്ട ചോദ്യം ചെയ്യലിൽ കവർച്ചയിൽ നേതാക്കളെ ബന്ധിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയത്. തൃശൂരിലെ ലോഡ്ജിൽ താമസ സൗകര്യമൊരുക്കിയത് തൃശൂർ ഓഫീസ് സെക്രട്ടറിയാണെന്ന് ധർമ്മരാജൻ മൊഴി നൽകി. രണ്ട് മുറികൾ എടുത്തിരുന്നതായി നേരത്തെ അന്വേഷണ സംഘത്തിന് ലോഡ്ജ് ജീവനക്കാരന്റെ മൊഴി ലഭിച്ചിരുന്നു. സതീശന്റെ മൊഴിയും അടുത്ത ദിവസം തന്നെ അന്വേഷണസംഘം രേഖപ്പെടുത്തും. ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതിനിടെ കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഓരോരുത്തർക്കും 10 ലക്ഷം മുതൽ 25 ലക്ഷം രൂപവരെ പ്രതിഫലം ലഭിച്ചു. പ്രതികൾ കവർച്ചയ്ക്ക് ശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചതിന്റെയും ആഡംബര ജീവിതത്തിന്റെയും തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. കവർച്ചാ പണം ഉപയോഗിച്ച് സ്വർണ്ണവും, കാറും വാങ്ങിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതുവരെയായി ഇതുവരെ കണ്ടെത്തിയത് ഒന്നേ കാൽ കോടിയിലധികം കണ്ടെത്തിയിരുന്നു.
ഇനിയും പണം കണ്ടെത്താനുണ്ട്. ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം സൂചന നൽകി. പ്രതികളുടെ വീട്ടുകാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്.