കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ചീഫ് എഡിറ്റർ; തീരുമാനം സെക്രട്ടേറിയറ്റിൽ

50

സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചുമതലയേൽക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യപരമായ കാരണങ്ങൾ ഉന്നയിച്ച് അവധിയിൽ പോയതാണ് അദ്ദേഹം. നിലവിൽ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ തലപ്പത്ത് മാറ്റം വരുന്നത്.

കളമശേരിയിൽ നിന്നുള്ള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് രണ്ടാം പിണറായി സർക്കാരിൽ വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമെന്നാണ് വിവരം. മകൻ ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണ കേസുകളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ദേശാഭിമാനി ചീഫ് എഡിറ്ററായി പാർട്ടി നിയമിച്ചിരിക്കുന്നത്.