ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി : ഗൂഢാലോചന ഉടൻ പുറത്ത് വരുമെന്നും പിണറായി

7
5 / 100

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദല്ലാളിന്റെ ഇടപെടലുണ്ടായ ഗൂഢാലോചനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൂടെ ഇപ്പോഴുള്ളവര്‍ക്കും മുന്‍പുള്ളവര്‍ക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. തന്റെ ഓഫീസിനെ കളങ്കിതമാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഗൂഢാലോചനകള്‍ തെളിയുമെന്നും വ്യക്തമാക്കി.
ആഴക്കടല്‍ കരാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന ആരോപണത്തില്‍ പ്രതികരിക്കവെയാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലത്തെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെങ്കിലും തുടക്കം മുതല്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭയങ്കരകാര്യമല്ലേ പുറത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 
ഇന്നത്തെ കാലത്ത് ഒന്നും അത്ര രഹസ്യമല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖല, തീരദേശം വലിയ തോതില്‍ സര്‍ക്കാര്‍ നടപടികളെ അനുകൂലിക്കുന്നു. ഇത് തങ്ങള്‍ക്കുളള ഒരു വോട്ട് ബാങ്കിന്റെ നിര നഷ്ടപ്പെട്ടുപോകുകയാണെന്ന ആശങ്ക ഒരു കൂട്ടര്‍ക്കുണ്ടാക്കുന്നു. മത്സ്യത്തൊഴിലാളികള്‍ നല്ല നിലയ്ക്ക് വികാരപരമായി ചിന്തിക്കുന്നവരാണ്. അവരുടെ ജീവിതപ്രശ്നമാണ് ഇത്. കടലിന്റെ അവകാശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെറ്റായ നടപടി സ്വീകരിക്കുന്നു എന്ന ബോധ്യം അവര്‍ക്കിടയില്‍ ഉണ്ടാക്കിയാല്‍ വലിയ വികാരം ഉണ്ടാകും. ഇതിന് വേണ്ട ഗൂഢാലോചന ആദ്യം അരങ്ങേറിയിരുന്നു. ഇതില്‍ ദല്ലാള്‍ എന്ന പേരിലറിയപ്പെടുന്ന ആളടക്കം ഇടപെട്ടുവെന്നാണ് കേള്‍ക്കുന്നത്. ഇങ്ങനെയാണ് ഗൂഢ പദ്ധതി തയ്യാറാക്കി മുന്നോട്ടുപോയത്. 
ഗൂഢാലോചനയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ കൂടെയുള്ള ആളും നേരത്തെ ഉള്ള ആളും പങ്കുവഹിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നടത്തിയത്. ഈ പറയുന്ന മഹാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നതില്‍ അയാള്‍ ഇരിക്കുന്ന പദവി പ്രകാരം തെറ്റില്ല.ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരാള്‍ അഡീഷണല്‍ സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ അപാകതയൊന്നുമില്ല. പക്ഷേ ബന്ധപ്പെട്ടത് ദുരുദ്ദേശത്തോടെയാണ്. ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന് ഈ മഹാന്‍ അറിയിക്കുകയാണ്. അപ്പോള്‍ ഒരു സ്വാഭാവിക മറുപടി കൊടുക്കുമല്ലോ, അതാണ് രേഖ എന്ന് പറയുന്നത്. അതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കിതമാക്കാന്‍ ആകില്ല’ മുഖ്യമന്ത്രി പറഞ്ഞു.