മുൻ വൈസ് ചാൻസലർ എം.എ മലയാളം വിദ്യാർഥിയായി

0

എം.എ മലയാളം കോഴ്സിന് പ്രവേശനം നേടി മുൻ വൈസ് ചാൻസലർ. കേരള സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സിലറും  പ്രമുഖ ന്യൂറോ സര്‍ജനുമായ ഡോ.ബി. ഇക്ബാലാണ് വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെ വീണ്ടും വിദ്യാര്‍ത്ഥിയായത്. വൈദ്യശാസ്ത്രം പഠിച്ച് ന്യൂറോ സര്‍ജനായപ്പോഴും മലയാളം പഠിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മലയാള ഭാഷയെയും സാഹിത്യത്തെയും ഒരു വിദ്യാര്‍ത്ഥിയുടെ അഭിനിവേശത്തോടെ ഇപ്പോഴും ആരാധിക്കുകയാണ് ഡോ. ബി ഇക്ബാല്‍.ഇക്ബാലിന്‍റെ മൂത്തസഹോദരന്‍, എംഎ മലയാളം പഠിച്ച കെ.ബി.എം ഹുസൈന്‍ കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകനായിരുന്നു.മറ്റൊരു സഹോദരന്‍ കെ.ബി.എം ഷാഫിയുടെ മകള്‍  വിനീത എം.എ മലയാളം ബിരുദം നേടി അധ്യാപികയായി പ്രവര്‍ത്തിക്കുന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകനും ജനകീയാരോഗ്യ പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയുമായിരുന്ന ഡോ.ബി ഇക്ബാലിനൊപ്പം എം.എ മലയാളം പഠിക്കാന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തും നാടകപ്രവര്‍ത്തകനുമായ കെ.ഭാസ്കരനുമുണ്ട്. എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഡോ. പി.കെ രാജശേഖരന്‍, ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് കടക്കുന്നതെന്ന് ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലാണ് എം.എ മലയാളത്തിന് ഡോ.ബി.ഇക്ബാൽ പ്രവേശനം നേടിയത്.

Advertisement
Advertisement