സി.പി.എമ്മിനെ പ്രശംസിച്ചും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചും ഷിബു ബേബി ജോൺ: തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും കോൺഗ്രസ് പാഠം പഠിച്ചില്ല, തമ്മിൽത്തല്ലുന്നവരെ ഇന്നത്തെ തലമുറക്ക് ഇഷ്ടമില്ല; സി.പി.എം 21കാരിയെ മേയറാക്കിയപ്പോൾ 75 കഴിഞ്ഞവരെ ഡി.സി.സി പ്രസിഡണ്ടാക്കാൻ ഗ്രൂപ്പുകൾ ഗവേഷണം നടത്തുകയാണെന്നും ഷിബു

18

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷിബു ബേബി ജോണ്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തനിക്ക് തോന്നുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത് തമ്മിലടിയാണ്. തമ്മില്‍തല്ലുന്നവരെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം കഴിഞ്ഞിട്ടും ആ തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സിപിഎം എന്ന് ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി. അതേസമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി എഴുപത്തഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടുവരുന്നതെന്ന് പരിഹാസരൂപേണ അദ്ദേഹം വിമര്‍ശിച്ചു. ഇതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇത് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം.