കൊല്ലം കൊട്ടിയം തഴുത്തലയില്‍ കിണറിന്റെ അറ്റകുറ്റ പണിക്കിടയില്‍ മണ്ണ് ഇടിഞ്ഞ് കുടുങ്ങിയ ആൾ മരിച്ചു. മുട്ടക്കാവ് സ്വദേശി സുധീറാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് സുധീറിൻ്റെ മൃതദേഹം പുറത്തെടുക്കാനായത്.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പുഞ്ചിരിച്ചിറ വയലിന് സമീപം ബെന്‍സിലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിലാണ് അപകടം നടന്നത്. അറുപത് അടി താഴ്ചയുള്ള കിണറിന്റെ ആഴം കൂട്ടുന്നതിന് വേണ്ടി കോൺക്രീറ്റ് റിങ്ങുകള്‍ ഇറക്കുന്നതിന് ഇടയിലായിരുന്നു മണ്ണ് ഇടിഞ്ഞ് വീണത്. ഏറ്റവും താഴത്തെ റിംഗ് പൊളിഞ്ഞു വീണതിനെ തുടര്‍ന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുധീറിൻ്റെ ദേഹത്തേക്ക് രണ്ടാമത്തേയും മൂന്നാമത്തേയും റിംഗുകൾ പൊടുന്നനെ പൊളിഞ്ഞു വീഴുകയായിരുന്നു.
കിണറിന്റെ പകുതിയില്‍ അധികം ഭാഗവും ഇടിഞ്ഞ നിലയിൽ സുധീറിനെ രക്ഷിക്കാനായി അഗ്നിശമനസേനാ അംഗങ്ങള്‍ എത്തിയെങ്കിലും ഇവര്‍ മണ്ണ് മാറ്റാന്‍ തുടങ്ങിയതിന് പിന്നാലെ വീണ്ടും മണ്ണിടിച്ചിലുണ്ടായതി. ഇതോടെ രക്ഷപ്രവര്‍ത്തനം നിര്‍ത്തിവച്ചു. മണ്ണ് മാന്തി എത്തിച്ചാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഏതാണ്ട് 24 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കാനായത്.