അനുനയ നീക്കവുമായി നേതാക്കൾ: ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തി കണ്ട് സതീശൻ മുതിർന്ന നേതാക്കളുടെ പരാതികൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സതീശൻ

17

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തി കണ്ടു. ഇരുവരും തമ്മില്‍ അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച. അനുനയങ്ങള്‍ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരനും വി.ഡി സതീശനും പ്രതികരിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. അനുവാദം ചോദിക്കാതെ പുതുപ്പള്ളിയിലേക്ക് വരാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ ഇതിന് മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല തന്റെ ജോലി. മുഖ്യമന്ത്രിക്കും ബിജെപിക്കും മറുപടി നല്‍കുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.