കോൺഗ്രസിൽ തരൂർ കലഹം: വിലക്ക് വിവാദത്തിനിടെ തരൂരിന് വേദിയൊരുക്കി യൂത്ത് കോൺഗ്രസ്; പോസ്റ്ററിൽ സതീശനെ ആദ്യം വെട്ടി പിന്നെ ഉൾപ്പെടുത്തി

24

വിലക്ക് വിവാദത്തിന് പിന്നാലെ ശശി തരൂർ എം.പിയ്ക്ക് വേദി ഒരുക്കാൻ കോട്ടയത്തെ എ ഗ്രൂപ്പ്‌. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

Advertisement

പരിപാടിക്കായി ആദ്യം തയ്യാറാക്കിയ പ്രചാരണ പോസ്റ്ററിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ പ്രതപക്ഷ നേതാവിന്റേയും ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കുകയും ചെയ്തു.

ശശി തരൂരിന്റെ മലബാർ പര്യടനത്തോടെയാണ് കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുക്കുന്നത്. കോഴിക്കോട് യൂത്ത് കോൺഗ്രസ് നിശ്ചയിച്ചിരുന്ന സെമിനാർ നേതൃത്വം ഇടപെട്ട് മാറ്റിവെച്ചതോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു. തരൂരിനെതിരെ പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

‘വർഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാൻ’ എന്ന പ്രമേയത്തിലാണ് യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം. ഇതിന്റെ ഉദ്ഘാടകനായാണ് ശശി തരൂർ പങ്കെടുക്കുക. പരിപാടിയുടെ പ്രചാരണ പോസ്റ്ററിൽ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, കെ. സുധാകരൻ തുടങ്ങിയവരുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യത്തെ പോസ്റ്റർ.

Advertisement