ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരന്റെ ശസ്ത്രക്രിയ പൂർത്തിയായി

0

ളാഹയിൽ ആന്ധ്രയിൽനിന്നെത്തിയ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരന്റെ ശസ്ത്രക്രിയ പൂർത്തിയായി. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കുട്ടി ഐസിയുവിൽ തീവ്ര പരിചരണത്തിലാണ്. കുട്ടിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണ നിലയിലാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചത്.  പേര് ചോദിച്ചപ്പോൾ നഴ്സുമാരോട് കുഞ്ഞ് പേര് പറഞ്ഞെന്നും മന്ത്രി അറിയിച്ചു.. അടുത്ത കുറച്ച് മണിക്കൂറുകൾ കൂടി കുട്ടി നിരീക്ഷണത്തിലായിരിക്കും.  ശരീരത്തിന്‍റെ പുറം ഭാഗത്തുണ്ടായ ക്ഷതം പരിഹരിക്കാനുളള ശസ്ത്രക്രിയയാണ് നടത്തിയത്. കുട്ടിയുടെ കരളിനും ശ്വാസകോശത്തിനും ക്ഷതമേറ്റിട്ടുണ്ട്. വലതു കാല്‍മുട്ടിനു പരുക്കുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കുട്ടി.  മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ രാജശേഖരന്‍,രാജേഷ്,ഗോപി എന്നിവര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. ഇവരും ചികില്‍സയിലാണ്. ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട തരുണ്‍ എന്ന അയ്യപ്പനും നിരീക്ഷണത്തിലാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. 

Advertisement
Advertisement