കോട്ടയത്ത് വയോധികയെ വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ

15

കോട്ടയം തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയില്‍ മദ്യലഹരിയില്‍ 52കാരന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാര്‍ത്തിക ഭവനില്‍ സുജാത(72)യാണ് കൊല്ലപ്പെട്ടത്. മകന്‍ ബിജുവാണ് സുജാതയെ ആക്രമിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജുവിന്റെ ആക്രമണം. 

ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെ ബിജു ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ അയല്‍വാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്. സുജാതയുടെ മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ നീരുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയില്‍ ബിജു വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇന്നും സമാന സംഭവം ആവര്‍ത്തിച്ചതാവാമെന്നാണ് കരുതുന്നത്. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തു.