മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു

6

ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ (93) കാലം ചെയ്തു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചങ്ങനാശേരി സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.17-ഓടെയായിരുന്നു അന്ത്യം.
ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയില്‍ അതിപുരാതനമായ പൗവത്തില്‍ കുടുംബത്തില്‍ 1930 ഓഗസ്റ്റ് 14-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പൗവത്തില്‍ അപ്പച്ചന്‍-മറിയക്കുട്ടി ദമ്പതികളാണ് മാതാപിതാക്കള്‍. 1962 ഒക്ടോബര്‍ മൂന്നിനായിരുന്നു പൗരോഹിത്യ സ്വീകരണം.
1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ പാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറയുടെ സഹായമത്രാനായായിട്ടായിരുന്നു നിയമനം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12-നായിരുന്നു സ്ഥാനാരോഹണം.
മാര്‍ ആന്റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം. 22 വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നു. ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പവ്വത്തിലിനെ വിശേഷിപ്പിക്കുന്നത്.
1993 മുതല്‍ 1996വരെ കെ.സി.ബി.സി പ്രസിഡന്റും 1994 മുതല്‍ 1998വരെ സി.ബി.സി.ഐ പ്രസിഡന്റുമായിരുന്നു. 2007 മാര്‍ച്ച് 19ന് മാര്‍ ജോസഫ് പൗവത്തില്‍ വിരമിച്ചു.

Advertisement
Advertisement