എകാംഗ നാടക പ്രവർത്തകൻ ബബിൽ പെരുന്ന അരങ്ങൊഴിഞ്ഞു; വിടവാങ്ങിയത് തെരുവുനാടകത്തെ ജനകീയമാക്കിയ കലാകാരൻ

17

കേരളത്തിലുടനീളം ഒറ്റയാള്‍ നാടകത്തിലൂടെ ശ്രദ്ധേയനായ ബബില്‍ പെരുന്ന (വർഗീസ് ഉലഹനാൻ- 56)അന്തരിച്ചു. ഒരു മാസം മുൻപ് പ്രമേഹരോഗം മൂർച്ഛിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയിരുന്നു. സംസ്കാരം പിന്നീട്. സ്വാതന്ത്ര്യസമര സേനാനിയായ ഉലഹന്നാന്‍ കാഞ്ഞിരത്തുംമൂട്ടിലിൻെറ യും മറിയാമ്മയുടെയും മകനായ ബബില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒറ്റയാള്‍ നാടകം അവതരിപ്പിച്ചതിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമിയുടെ 2020ലെ ഗുരുപൂജ അവാർഡിന് അർഹനായിരുന്നു.ചെറുപ്പം മുതല്‍ നാടകങ്ങളുടെ ലോകത്താണു സഞ്ചരിച്ചിരുന്നത്.
വേറിട്ടു നടക്കാന്‍ ആഗ്രഹിച്ച ബബില്‍ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കാനും തിന്മകള്‍ക്കെതിരെ പ്രതികരിക്കാനും ഏകാംഗ നാടകങ്ങളെയാണു കൂട്ടു പിടിച്ചത്. പതിനായിരത്തില്‍ അധികം ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ച ബബില്‍ തെരുവോരങ്ങളെയാണു തന്റെ നാടകങ്ങളുടെ വേദികളാക്കിയത്.
എയ്ഡ്‌സ് ബോധവല്‍ക്കരണം, കര്‍ഷകദുഃഖം, കോവിഡ് ബോധവല്‍ക്കരണം, മരുന്നുകളുടെ വില വര്‍ധന, കുടിവെള്ള ക്ഷാമം, ജലമലിനീകരണം, തീവ്രവാദം, മാലിന്യപ്രശ്‌നം, പാചകവാതക വിലക്കയറ്റം, ബസ് ചാര്‍‍ജ് വര്‍ധന, ആദിവാസികളോടും ദരിദ്രരോടുമുള്ള അവഗണന, എന്‍ഡോസള്‍ഫാന്‍ ദുരിത പ്രശ്‌നങ്ങള്‍, വൃദ്ധരോടുള്ള അവഗണന, പ്രവാസികളുടെ ദു:ഖ, ദുരിതങ്ങള്‍, ട്രാഫിക് ബോധവല്‍ക്കരണം, മദ്യം മയക്കുമരുന്ന് ബോധവല്‍ക്കരണം, കര്‍ഷകദുഃഖം, വിലയേറിയ വോട്ടെന്ന പേരില്‍ വൃദ്ധരെ അവഗണിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പു സമയത്ത് ‘കരുതേണ്ട ചിഹ്നം’ എന്ന പേരില്‍ നാടകം, ഭരണത്തിനു വേഗം വേണമെന്ന് ആവശ്യപ്പെട്ട് ആമ വേഷത്തില്‍ നടത്തിയ കലാപ്രകടനം, ബാലപീഡനം, സ്ത്രീപീഡനം തുടങ്ങി നൂറില്‍ അധികം വിഷയങ്ങള്‍ ബബിലിന്റെ നാടകങ്ങള്‍ക്കു വിഷയങ്ങളായി. ചലച്ചിത്ര മേഖലയിലെ പ്രശസ്തരുമായും അടുപ്പം സൂക്ഷിച്ചിരുന്നു. കോട്ടയം നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ ശിഷ്യഗണത്തിലുണ്ട്.
കോവിഡ് കാലത്ത് ഒട്ടേറെ ഷോര്‍ട് ഫിലിമുകളില്‍ വേഷമിട്ടു. ആല്‍ബങ്ങള്‍ സംവിധാനം ചെയ്തു. ബെന്നി ആശംസ സംവിധാനം ചെയ്ത നീപ്പ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. 4 ദിവസം മുന്‍പാണു ഷൂട്ടിങ് അവസാനിച്ചത്. ഇന്നലെ ചിത്രത്തിന്റെ ഡബിങ് ജോലികള്‍ പൂര്‍ത്തിയായി. ഈ ചിത്രം തിയറ്ററില്‍ പോയി കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയാണു ബബില്‍ പെരുന്ന കടന്നുപോകുന്നത്.

തെരുവോരത്ത് ഒറ്റകഥാപാത്ര നാടകങ്ങളിലൂടെ കാണികളെ ചിന്തിക്കാനും പ്രതികരിക്കാനും പ്രേരിപ്പിച്ച കലാകാരനാണ് ബബില്‍. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കരുതേണ്ട ചിഹ്നം എന്ന ഒറ്റയാള്‍ നാടകവുമായാണ് ബബില്‍ അവസാനമായി തെരുവിലെത്തിയത്.
ഭാര്യ: ജൂലി