സംസ്ഥാനത്തെ ആദ്യത്തെ കൃഷി സഞ്ചയിക പദ്ധതിക്ക് ജില്ലയിൽ തുടക്കം

14

ലക്ഷ്യം കൃഷിയിലൂടെ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക

സ്കൂൾ വിദ്യാർത്ഥികളിൽ കൃഷിയോടുള്ള ആഭിമുഖ്യം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ആദ്യത്തെ കൃഷി സഞ്ചയിക പദ്ധതിക്ക് ജില്ലയിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം വില്ലടം ഗവ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ജിതിൻ ജെ എസിന് തൈകൾ നൽകി കൃഷി വകുപ്പ്‌ മന്ത്രി അഡ്വ വി എസ്‌ സുനിൽ കുമാർ നിർവഹിച്ചു.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സുഭിക്ഷ നഗരം പദ്ധതിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ആവിഷ്കരിച്ച സംസ്ഥാനത്തെ പ്രഥമ പദ്ധതിയാണ് കൃഷി സഞ്ചയിക പദ്ധതി.
വിദ്യാഭ്യാസത്തിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വീടുകളിൽ തന്നെ വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

തൃശൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര കാർഷിക പദ്ധതിയായ സുഭിക്ഷ നഗരം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് ആദ്യമായി കൃഷി സഞ്ചയിക പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ മൂന്ന് സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 75 വിദ്യാർത്ഥികളാണ് ആദ്യമായി പദ്ധതിയുടെ ഭാഗമായത്. മണ്ഡലത്തിലെ സ്കൂളുകളിൽ നിന്ന് 1000 വിദ്യാർത്ഥികളെ കൂടി പദ്ധതിയുടെ ഭാഗമാക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

കൃഷിയോട് താൽപര്യമുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് പദ്ധതിയുടെ ഭാഗമാക്കുന്നത്.
കൃഷിക്ക് ആവശ്യമായ തൈകൾ കൃഷിഭവനുകൾ വഴി വിദ്യാർത്ഥികൾക്ക് നൽകും.
ഇവരുടെ വീടുകളിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾക്ക് വിപണന സാധ്യതക്കും കൃഷിഭവൻ വഴിയൊരുക്കും. വിപണിയിൽ വിറ്റഴിക്കുന്ന പച്ചക്കറിയുടെ തുക വിദ്യാർത്ഥികൾക്ക് ലഭ്യമാകും.ഇതിനായി പദ്ധതിയുടെ ഭാഗമായ വിദ്യാർത്ഥികളുടെ പേരിൽ സേവിങ്ങ്സ് അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കൃഷിയിൽ താത്പര്യമുള്ള കുട്ടികൾക്ക് പദ്ധതിയിലൂടെ സമ്പാദ്യ ശീലവും വർദ്ധിപ്പിക്കാൻ കഴിയും.

വില്ലടം ഗവ ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ
കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജേശ്വരി ഗോപൻ അദ്ധ്യക്ഷയായി. ആത്മ പ്രൊജക്ട് ഡയറക്ടർ മാത്യു ഉമ്മൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ കെ സരസ്വതി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി സി സത്യവർമ്മ , സുഭിക്ഷ നഗരം കർഷക പ്രതിനിധി അവിന്ദാക്ഷൻ, പ്രിൻസിപ്പാൾ പി ജി ദയ എന്നിവർ പങ്കെടുത്തു.