തിരഞ്ഞെടുപ്പിൽ കോളടിച്ചത് കെ.എസ്.ഡി.പിക്ക്: സാനിറ്റൈസർ വിറ്റതിൽ ലഭിച്ചത് ഏഴ് കോടി

3

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജോലിക്കിടെ ഉപയോഗിച്ചത് രണ്ടേമുക്കാൽലക്ഷം ലിറ്റർ ഹാൻഡ്‌സാനിറ്റൈസർ. ഇതിലൂടെ പൊതുമേഖലാ സ്ഥാനപമായ കേരള ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസിന് ലഭിച്ചതോ ഏഴുകോടിയോളം രൂപയും.

500 മില്ലീലിറ്ററിന്റെ അഞ്ചുലക്ഷം കുപ്പിയും നൂറു മില്ലീലിറ്ററിന്റെ രണ്ടുലക്ഷം കുപ്പി സാനിറ്റൈസറുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വാങ്ങിയത്.

വോട്ടർമാർ ബൂത്തിലേക്ക് വരുമ്പോഴും പോകുമ്പോഴും കൈകഴുകാനുള്ള ക്രമീകരണവും പ്രത്യേകം ജീവനക്കാരെയും തിരഞ്ഞെടുപ്പു കമ്മിഷൻ ഏർപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് സാധന സാമഗ്രികൾക്കൊപ്പംതന്നെ സാനിറ്റൈസറും നൽകി.

തദ്ദേശതിരഞ്ഞെടുപ്പിലും കെ.എസ്.ഡി.പി.യുടെ സാനിറ്റൈസറാണ് ഉപയോഗിച്ചത്. നിരവധി കമ്പനികൾ സാനിറ്റൈസർ ലഭ്യമാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരുന്നു. എന്നാൽ, വിശ്വാസ്യത കണക്കിലെടുത്ത് കെ.എസ്.ഡി.പി.യെ തിരഞ്ഞെടുത്തു. സംസ്ഥാന മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴിയാണ് സാനിറ്റൈസർ കൈമാറിയത്.

ഒരുലിറ്റർ സാനിറ്റൈസറിന് 250-രൂപാ നിരക്കിലാണ് കെ.എസ്.ഡി.പി. നൽകിയത്. ലാഭത്തിലേക്ക് കുതിക്കുന്ന കെ.എസ്.ഡി.പി.ക്ക് ഇതുവലിയ പ്രചോദനമായി.

കോവിഡ്‌ വന്നശേഷമാണ് കെ.എസ്.‍ഡി.പി. സാനിറ്റൈസർ നിർമാണം ആരംഭിച്ചത്. 25ലക്ഷം ലിറ്ററോളം സാനിറ്റൈസറാണ് ഇതിനകം വിറ്റഴിച്ചിത്. ഇതോടെ കെ.എസ്.ഡി.പി.യുടെ വിറ്റുവരവ് ഏകദേശം 150 കോടിയിലേക്ക് എത്തിയിരിക്കുകയാണ്‌.