പൂർണ ഡിജിറ്റലിലേക്ക് മാറാൻ കെ.എസ്.ഇ.ബി: ആയിരം രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബില്‍ സ്വീകരിക്കുക ഇനി ഓണ്‍ലൈനില്‍ മാത്രം

20

ആയിരം രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബില്‍ സ്വീകരിക്കുക ഇനി ഓണ്‍ലൈനില്‍ മാത്രം. 2003 ലെ ഇലക്ട്രിസിറ്റി ആക്ട് മുന്‍നിര്‍ത്തി 2020 ല്‍ രൂപംകൊടുത്ത ചട്ടപ്രകാരമാണ് വൈദ്യുതി ബോര്‍ഡ് നടപടി.

കഴിഞ്ഞ 21 ന് ചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡ് മീറ്റിങ്ങിന്റെ തീരുമാനപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് 26 ന് കെ.എസ്.ഇ.ബി പുറത്തിറക്കി.വൈദ്യുതി ബോര്‍ഡില്‍ 2013ല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നെങ്കിലും വിവിധ കാരണങ്ങളാല്‍ കാര്യക്ഷമമായിരുന്നില്ല. ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ ആദ്യ ഒന്നുരണ്ടു തവണ കൗണ്ടറില്‍ അടയ്ക്കാന്‍ അനുവദിക്കുമെങ്കിലും പിന്നാലെ ഉത്തരവ് കര്‍ശനമാക്കാനാണ് നിര്‍ദേശം.കാഷ് കൗണ്ടര്‍ വഴി ആയിരത്തിനു മുകളിലുള്ള തുക സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വെയറില്‍ മാറ്റംവരുത്തും.

ബില്ലുമായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകളില്‍ വരുന്നവരോട് ഓണ്‍ലൈന്‍ പേയ്‌മെന്റിനേക്കുറിച്ച് കാഷ്യര്‍മാര്‍ തന്നെ ബോധവത്കരണം നടത്തണം. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്‍ കാഷ് കൗണ്ടറില്‍ സ്വീകരിക്കുന്നതിനുള്ള പരിമിതി സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ വ്യാപകമായ പ്രചാരണം നടത്താന്‍ ഐ.ടി ചീഫ് എന്‍ജിനീയര്‍, ചീഫ് പി.ആര്‍.ഒ എന്നിവരെ ചുമതലപ്പെടുത്തി.