ലളിതകലാ അക്കാദമിയിൽ വീണ്ടും രാജി: നിർവാഹക സമിതിയംഗം ടോം വട്ടക്കുഴി രാജിവെച്ചു; അക്കാദമിക്ക് ദിശാബോധമില്ലായ്മയും കെടുകാര്യസ്ഥതയുമെന്ന് ടോം വട്ടക്കുഴി,ഈ ഭരണസമിതിയുടെ കാലത്ത് രാജിവെക്കുന്ന മൂന്നാമത്തെ നിർവാഹക സമിതി‍‍യംഗം

18

ലളിതകലാ അക്കാദമിയിൽ വീണ്ടും രാജി. ഭരണസമിതിയിൽ നിന്നും ഒരു നിർവാഹക സമിതിയംഗം കൂടി രാജിവെച്ചു. ചിത്രകാരൻ ടോം വട്ടക്കുഴിയാണ് രാജിവെച്ചത്. രാജി വിവരം സമൂഹമാധ്യമത്തിൽ ടോം വട്ടക്കുഴി തന്നെയാണ് പങ്കുവെച്ചത്. ഈ സർക്കാരിന്റെ കാലത്ത് പുനസംഘടിപ്പിച്ച ഭരണസമിതികളിൽ നിന്നും രാജിവെക്കുന്ന മൂന്നാമത്തെയാളാണ് ടോം വട്ടക്കുഴി. 2017ൽ ചെയർമാനായിരുന്ന ടി.എ സത്യപാൽ രാജിവെച്ചതിന് ശേഷം തുടരെ തുടരെയായിരുന്നു അംഗങ്ങളുടെ രാജി.  നേമം പുഷ്പരാജ് ചെയർമാനായ ശേഷം പുനസംഘടിപ്പിച്ച നിർവാഹക സമിതിയിലാണ് ടോം വട്ടക്കുഴിയെ ഉൾപ്പെടുത്തിയിരുന്നത്. നിർവാഹക സമിതിയംഗമാകാൻ  ക്ഷണം ലഭിച്ചപ്പോൾ തൻറെ  സേവനം ഏതെങ്കിലും തരത്തിൽ ഗുണപരമായ ഒരു മാറ്റത്തിനു ഉപകരിക്കുമെങ്കിൽ അങ്ങനെയാവട്ടെ എന്ന ചിന്തയിലാണ് വഴങ്ങിയതെന്നും പക്ഷേ, അത് വെറും മിഥ്യാധാരണയായിരുന്നെന്ന് കുറഞ്ഞ കാലം കൊണ്ട് ബോധ്യപ്പെട്ടുവെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും ടോം വട്ടക്കുഴി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ജനാധിപത്യ മൂല്യങ്ങൾ അധികമൊന്നും അവശേഷിക്കുന്നില്ല. ദിശാബോധമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം അക്കാദമിയുടെ  ഭരണ നിർവ്വഹണം ഏതാനും ചില കോണുകളിലേക്കു മാത്രം കേന്ദ്രികരിക്കപ്പെടുന്നു. അക്കാദമിയുടെ പ്രവത്തനങ്ങൾ പലപ്പോഴും നിവഹക സമിതി അറിയുന്നില്ല. നിർവാഹക സമിതി എടുത്ത തീരുമാനങ്ങൾ ഫലപ്രദമായി  നടപ്പിലാക്കുന്നുമില്ല. കാലങ്ങളായി കണ്ടു തഴങ്ങിയ  കുറെ കാര്യങ്ങൾ ആത്മാവു നഷ്ടപെട്ട ഒരനുഷ്ഠാനം  പോലെ തുടരുക  എന്നതിനപ്പുറം ലളിത കലാ അക്കാദമി എന്ന സ്ഥാപനം അതിൻ്റെ ഭരണഘടനയിൽ  പറയുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളെ  ഉന്നം വച്ചുകൊണ്ടു അതിൻ്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനോ  വികസിപ്പിക്കാനോ സമാനദിശയിൽ പ്രവർത്തിക്കുന്നവരുമായി ചേർന്നുപ്രവർത്തിക്കാനോ ഉള്ള ഇച്ഛാശക്തിയോ ഉൾക്കാഴ്ചയോ ദീർഘ വീക്ഷണമോ ദിശാബോധമോ ഒന്നുംതന്നെ  ഇല്ലാത്ത ഭരണനേതൃത്വത്തിൻറെ ഭാഗമായി  തുടരുന്നതിന്റെ നിഷ്ഫലതയാണ് ഈ ഒരു തീരുമാനത്തിലേക്കെത്താൻ പ്രേരണയായതെന്നും ടോം വട്ടക്കുഴി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജനങ്ങളുടെ നികുതിപ്പണം ഭാവനാദരിദ്രമായ തട്ടിക്കൂട്ട് പരിപാടികളിലൂടെ പാഴാക്കുന്ന ഒരു സ്ഥാപനമായി അക്കാദമി ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നു.  കലോപാസകരല്ലാത്തവരും കലയുമായി ആത്മബന്ധമില്ലാത്തവരും അക്കാദമിയുടെ താക്കോൽ സ്ഥാനങ്ങളിൽ കയറിയിരിക്കാൻ തുടങ്ങിയ കാലം തൊട്ടേ അക്കാദമി ദിശമാറി ഒഴുകാൻ തുടങ്ങിയതാണ്. ഇന്ന് അതിന്റെ ഒഴുക്കിന് ഗതിവേഗം വർദ്ധിച്ചിരിക്കുന്നു എന്നുമാത്രമെന്നും ടോം വട്ടക്കുഴി പങ്കുവെച്ചു. മുമ്പെങ്ങുമില്ലാത്ത വിധം വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഇപ്പോഴത്തെ ഇടത് സർക്കാരിന്റെ കാലത്ത് ചുമതലയേറ്റ ഭരണസമിതി. വിവാദ കാർട്ടൂണിന് അവാർഡ് നൽകിയതിലൂടെ സർക്കാരിനെ വരെ പ്രതിക്കൂട്ടിലാക്കുന്ന നടപടികളും ഭരണസമിതിയിൽ നിന്നുണ്ടായി. ജീവനക്കാർക്ക് നേരെയുള്ള പീഡനങ്ങൾ കോടതി വരെയെത്തി. ഭരണസമിതിയും ചെയർമാനും സെക്രട്ടറിയുമല്ല ഉദ്യോഗസ്ഥരാണ് അക്കാദമിയുടെ ഭരണം നിർവഹിക്കുന്നതെന്ന ഗുരുതര ആരോപണമാണ് പുറത്തു വന്നവർ കുറ്റപ്പെടുത്തുന്നത്.