‘നയിച്ചവർ ജയിക്കണം തുടരണം ഇടതു ഭരണമിവിടെ’: സിതാരയുടെ സംഗീത ആലാപന മികവോടെ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് ഗാനം പുറത്തിറങ്ങി; നയിച്ച് പിണറായി, ഇ.എം.എസ് മുതൽ വി.എസ് വരെ ദൃശ്യങ്ങളിൽ

32

2021 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ഗാനം ഇടതുമുന്നണി പുറത്തിറക്കി . ‘നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം’ എന്ന് തുടങ്ങുന്ന വരികളോടെയാണ് പാട്ടിന്‍റെ തുടക്കം. സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ ആണ്. ബി.കെ ഹരിനാരായണനാണ് ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെയാണ് എല്‍.ഡി.എഫ് കേരള എന്ന യൂട്യൂബ് ചാനലില്‍ ഗാനം പങ്കുവെച്ചത്.

ഇതുവരെയുള്ള ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വരികളാണ് പാട്ടിനായി തയ്യാറാക്കിയിരിക്കുന്നത്. സമൂഹത്തിലെ വിവിധ ശ്രേണികളെ പ്രതിനിധാനം ചെയ്യുന്ന സാധാരണ ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഗാനം മുന്നോട്ടുപോകുന്നത്.

നിലവിലെ സി.പി.എം നേതാക്കളില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് വീഡിയോയില്‍ സ്ക്രീന്‍ ടൈം കൂടുതല്‍. സി.പി.എമ്മിന്‍റെ പഴയകാല നേതാക്കളായ ഇ.എം.എസ്, എ.കെ.ജി, നായനാര്‍, വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ നേതാക്കളായ പികെ വാസുദേവന്‍ നായര്‍, എം.എന്‍ ഗോവിന്ദന്‍ നായര്‍, സി അച്യുതമേനോന്‍ എന്നിവരുടെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് ഗാനത്തില്‍ ഇടതുമുന്നണി ഉള്‍പ്പെടുത്തിയിട്ടുണ്ട്.