കേരളത്തിൽ വീണ്ടും ഭരണതുടർച്ച പ്രവചിച്ച് മാതൃഭൂമി, മനോരമ, മീഡിയ വൺ സർവേ: ജനപ്രീതിയിൽ പിണറായി തന്നെ

60

എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍, മനോരമ, മീഡിയ വൺ രണ്ടാംഘട്ട അഭിപ്രായ സര്‍വേ ഫലങ്ങൾ. മാര്‍ച്ച് 19നാണ് മാതൃഭൂമി ന്യുസ്- സീ വോട്ടർ ആദ്യഘട്ട അഭിപ്രായ സര്‍വേ പുറത്തെത്തിയത്. അതിലെ കണക്കുകളേ അപേക്ഷിച്ച് എല്‍.ഡി.എഫിന് രണ്ടു സീറ്റുകള്‍ കുറയാനും യു.ഡി.എഫിന് രണ്ട് സീറ്റുകള്‍ കൂടിയേക്കാമെന്നും രണ്ടാം ഘട്ട അഭിപ്രായ സര്‍വേ പറയുന്നു. 

മാര്‍ച്ച് 19-ന് പുറത്തെത്തിയ ആദ്യഘട്ട സര്‍വേയില്‍ 75-83 സീറ്റുകള്‍ വരെയായിരുന്നു എല്‍.ഡി.എഫിന് പ്രവചിച്ചിരുന്നത്. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞുള്ള രണ്ടാംഘട്ട സര്‍വേ പ്രകാരം 73-83 സീറ്റ് വരെയാണ് എല്‍.ഡി.എഫിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  

അതേസമയം ആദ്യഘട്ട സര്‍വേയില്‍ യു.ഡി.എഫിന് പ്രവചിക്കപ്പെട്ടിരുന്നത് 56-64 സീറ്റുകളായിരുന്നു. എന്നാല്‍ രണ്ടാംഘട്ട സര്‍വേയില്‍ രണ്ടു സീറ്റുകളുടെ വര്‍ധനയാണ് പ്രവചിക്കപ്പെടുന്നത്. അതായത് യു.ഡി.എഫ്.: 56-66.

എന്‍.ഡി.എയ്ക്ക് 0-2 സീറ്റുകളായിരുന്നു ആദ്യഘട്ട സര്‍വേയില്‍ പ്രവചിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാംഘട്ടത്തില്‍ 0-1 സീറ്റുകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

അവസാന സീറ്റ് നില പ്രകാരം എല്‍.ഡി.എഫ്. 79 സീറ്റ് നേടുമെന്നായിരുന്നു ആദ്യഘട്ട പറഞ്ഞിരുന്നത്. ഇതില്‍നിന്ന് ഒരു സീറ്റിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 78 സീറ്റുകള്‍ എല്‍.ഡി.എഫിന് കിട്ടുമെന്നാണ് രണ്ടാംഘട്ട സര്‍വേ ഫലം പറയുന്നത്. 

രണ്ടാംഘട്ട അഭിപ്രായ സര്‍വേ പ്രകാരം യു.ഡി.എഫിന് 61 സീറ്റും ലഭിക്കും. 60 സീറ്റായിരുന്നു ആദ്യഘട്ട സര്‍വേയില്‍ പറഞ്ഞിരുന്നത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റാണ് ഇപ്പോള്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണയും എന്‍.ഡി.എയ്ക്ക് ഒരു സീറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ പ്രകടനം, മുഖ്യമന്ത്രിയുടെ പ്രകടനം, ആരാകണം മുഖ്യമന്ത്രി, സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ നിങ്ങളുടെ നിലപാട് മാറിയോ, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പട്ടികയ്ക്കു ശേഷം പിണറായി ശക്തനായോ എന്നീ ചോദ്യങ്ങളും രണ്ടാംഘട്ട സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടരണമെന്ന് മീഡിയവൺ – പൊളിറ്റിഖ് മാർക്ക് സർവേ. എന്നാൽ മതന്യൂനപക്ഷങ്ങളിൽ സിംഹഭാഗവും അഭിപ്രായപ്പെട്ടത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകണം എന്നാണ്. പിണറായി മുഖ്യമന്ത്രിയായി തുടരണമെന്ന് 40 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഉമ്മൻ ചാണ്ടിക്ക് കിട്ടിയത് 25 ശതമാനം പേരുടെ പിന്തുണ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് 10 ശതമാനം പേർ അഭിപ്രായം പ്രകടിപ്പിച്ചു. ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരൻ മുഖ്യമന്ത്രിയാകണമെന്ന് അഞ്ച് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഒരു ശതമാനമാളുകളുടെ പിന്തുണ ലഭിച്ചു. 19 ശതമാനം പേർ മറ്റുള്ളവരെയാണ് പിന്തുണച്ചത്.