ചുവന്നു തുടുത്ത് കേരളം: 140ൽ 99ഉം നേടി ഇടതുമുന്നണി: തകർന്ന് പ്രതിപക്ഷം; അക്കൗണ്ട് പൂട്ടി എൻ.ഡി.എ

14

ചരിത്രവിജയം നേടി എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലേക്ക്. 140 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 99 സീറ്റുകള്‍ നേടി. യു.ഡി.എഫ് 41 സീറ്റുകള്‍ നേടി. ഇത്തവണ എന്‍.ഡി.എ എവിടേയും അക്കൗണ്ട് തുറന്നില്ല.

2016 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയമാണ് എല്‍.ഡി.എഫ് ഇത്തവണ നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫ് ഇത്തവണ 8 സീറ്റുകള്‍ അധികം നേടി. അതേ സമയം 2016 ല്‍ 47 സീറ്റ് നേടിയ യു.ഡി.എഫ് ഇത്തവണ 41 സീറ്റാണ് നേടിയത്. നേമത്ത് അക്കൗണ്ട് തുറന്നിരുന്ന എന്‍.ഡി.എ ഇത്തവണ സീറ്റുകളൊന്നും നേടിയില്ല.

ഫലം പുറത്തുവന്നപ്പോൾ, കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മട്ടന്നൂരിൽ മത്സരിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക്. 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചർ യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെ തോൽപ്പിച്ചത്. അതേസമയം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തൽമണ്ണയിലാണ്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലീം ലീഗിലെ നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി മുസ്തഫയെയാണ് നജീബ് കാന്തപുരം തോൽപ്പിച്ചത്.

ഉയർന്ന ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് പിന്നിൽ രണ്ടാമതുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. കോൺഗ്രസിലെ സി രഘുനാഥിനെതിരെ 50123 വോട്ടുകൾക്കാണ് പിണറായി വിജയന്‍റെ ജയം. കഴിഞ്ഞ തവണ 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ നിയമസഭയിൽ എത്തിയത്. കണ്ണൂർ ജില്ലയിലെ പയ്യൂന്നൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഭൂരിപക്ഷം. ഇവിടെ മത്സരിച്ച വി എ മദുസൂദനൻ 49780 വോട്ടുകൾക്കാണ് ജയിച്ചത്. കല്യാശേരിയിൽ മത്സരിച്ച എം വിജിൻ(44393), ചേലക്കരയിൽ മത്സരിച്ച കെ രാധാകൃഷ്ണൻ(39400), ഉടുമ്പൻചോലയിൽ മത്സരിച്ച മന്ത്രി എം എം മണി(38305) എന്നിവരാണ് ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ പിന്നിലുള്ളത്. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷം നേടിയ പി ജെ ജോസഫിന് ഇത്തവണ 20209 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.

ഭൂരിപക്ഷം കുറവുള്ളവരിൽ ഏറ്റവും പിന്നിൽ പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരമാണ്. 38 വോട്ടുകൾക്ക് മാത്രമാണ് നജീബ് കടന്നുകൂടിയത്. കുറ്റ്യാടിയിൽ സിപിഎം സ്ഥാനാർഥി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററാണ് ഭൂരിപക്ഷം കുറവുള്ളവരുടെ പട്ടികയിൽ രണ്ടാമതുള്ളത്. അദ്ദേഹത്തിന് 333 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണുള്ളത്. മഞ്ചേശ്വരത്ത് മത്സരിച്ച മുസ്ലീം ലീഗ് സ്ഥാനാർഥി എ കെ എം അഷ്റഫാണ് ഈ പട്ടികയിൽ നാലാമതുള്ളത്. അദ്ദേഹത്തിന് 745 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ എൽഡിഎഫിലെ പി ബാലചന്ദ്രൻ 946 വോട്ടുകൾക്കാണ് വിജയം പിടിച്ചെടുത്തത്. ശക്തമായ പോരാട്ടം നടന്ന തൃപ്പുണിത്തുറയിൽ മുൻ മന്ത്രി കെ ബാബു 1009 വോട്ടുകൾക്കാണ് സിപിഎം യുവനേതാവ് എം സ്വരാജിനെ പരാജയപ്പെടുത്തിയത്. ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി സനീഷ് കുമാറിന് 1057 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള 1096 വോട്ടുകൾക്കാണ് വിജയിച്ചത്.