തദ്ദേശ സ്ഥാപനങ്ങളിൽ
പുതിയ ഭരണസമിതി അംഗങ്ങള്‍ ഇന്ന് അധികാരമേല്‍ക്കും: പഞ്ചായത്ത് നഗരസഭകളിൽ 10ന്, കോർപറേഷനിൽ 11.30ന്; മേയർ, അധ്യക്ഷ തെരഞ്ഞെടുപ്പ് 28ന്

59

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തൃശൂര്‍ കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പുതിയ ഭരണസമിതിയാണ് അധികാരത്തിലേറുക.

തൃശൂര്‍ കോര്‍പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 11.30ന് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയായ എം എല്‍ റോസിക്ക് വരണാധികാരികാരി കൂടെയായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ഡിവിഷന്‍ ക്രമ നമ്പര്‍ അനുസരിച്ച് മറ്റ് 53 അംഗങ്ങള്‍ക്ക് എം എല്‍ റോസി സത്യവാചകം ചൊല്ലി കൊടുക്കും. ഡിസംബര്‍ 28 ന് രാവിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും നടക്കും. തിരഞ്ഞെടുപ്പിന് ശേഷം തീയതി നിശ്ചയിച്ച് ആദ്യ കൗണ്‍സില്‍ യോഗം ചേരും.

ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് നടക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയായ തളിക്കുളം ഡിവിഷന്‍ അംഗം പി എം അഹമ്മദിന് വരണാധികാരികാരി കൂടെയായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ക്രമ നമ്പര്‍ അനുസരിച്ച് മറ്റ് 28 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പി എം അഹമ്മദ് സത്യവാചകം ചൊല്ലി കൊടുക്കും. ഡിസംബര്‍ 30 ന് രാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. തിരഞ്ഞെടുപ്പിന് ശേഷം തീയതി നിശ്ചയിച്ച് ആദ്യത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേരും.

ഇരിങ്ങാലക്കുട നഗരസഭയില്‍ 41 വാര്‍ഡുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് രാവിലെ 10ന് ഇരിങ്ങാലക്കുട മിന്‍സിപ്പാലിറ്റിയില്‍ വെച്ച് നടക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ 16-ാം വാര്‍ഡിലെ ജനപ്രതിനിധി പി പി ജോര്‍ജ്ജിന് റിട്ടേണിംഗ് ഓഫീസര്‍ ജയശ്രീ (ഡെപ്യൂട്ടി കലക്ടര്‍ എല്‍ എ) സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മറ്റ് അംഗങ്ങള്‍ക്കുള്ള സത്യപ്രതിജ്ഞാ വാചകം പി പി ജോര്‍ജ്ജ് ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ കൗണ്‍സിലിന്റെ ആദ്യ യോഗം മുതിര്‍ന്ന അംഗത്തിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. നഗരസഭ വനിതാ സംവരണമായതിനാല്‍ ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് യോഗം ഡിസംബര്‍ 28ന് നടക്കും.

വടക്കാഞ്ചേരി നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് രാവിലെ 10 ന് നഗരസഭ കാര്യാലയത്തില്‍ വെച്ച് നടക്കും. മുതിര്‍ന്ന അംഗം 3ആം ഡിവിഷന്‍ പ്രതിനിധി കെ ടി ജോയിക്ക് വരണാധികാരിയായ ജില്ലാ രജിസ്ട്രാര്‍ സി പി വിന്‍സെന്റ് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 41 അംഗങ്ങളാണ് നഗരസഭയിലുള്ളത്.

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 44 വാര്‍ഡുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് രാവിലെ 10ന് നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗവും മുന്‍ നഗരസഭ ചെയര്‍മാനുമായ കെ ആര്‍ ജൈത്രന്, റിട്ടേണിംഗ് ഓഫീസര്‍ എ പി കിരണ്‍ ( ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍) സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മറ്റ് അംഗങ്ങള്‍ക്കുള്ള സത്യപ്രതിജ്ഞാ വാചകം മുതിര്‍ന്ന അംഗമായ കെ ആര്‍ ജൈത്രന്‍ ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ കൗണ്‍സിലിന്റെ ആദ്യ യോഗം മുതിര്‍ന്ന അംഗത്തിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. പട്ടികജാതി വനിതാ സംവരണമായതിനാല്‍ പുതിയ ഭരണത്തില്‍ നഗരസഭയെ നയിക്കുന്നത് വനിതയാകും. നഗരസഭ ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് നഗരസഭ സെക്രട്ടറി അവതരിപ്പിക്കുന്നതോടെ യോഗം സമാപിക്കും. ഡിസംബര്‍ 28നാണ് ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് യോഗം നടക്കുക.

ചാലക്കുടി നഗരസഭ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് രാവിലെ 10 ന് നഗരസഭ അങ്കണത്തില്‍ വെച്ച് നടക്കും. മുതിര്‍ന്ന അംഗം റോസി ലാസറിന് വരണാധികാരിയായ ചാലക്കുടി ഡി എഫ് ഒ സംബുദ്ധ മജ്യുംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം ആദ്യ കൗണ്‍സില്‍ യോഗം ചേരും. 36 അംഗങ്ങളാണ് നഗരസഭയിലുള്ളത്.

കുന്നംകുളം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളെ വരവേല്‍ക്കാനായി നഗരസഭ ഒരുങ്ങി. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ കൗണ്‍സില്‍ യോഗവും നഗരസഭ ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയായ മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന് വരണാധികാരി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.ഡി. സിന്ധു ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് വാര്‍ഡ് ക്രമ നമ്പര്‍ അനുസരിച്ച് മറ്റ് അംഗങ്ങള്‍ക്ക് സീതാ രവിന്ദ്രന്‍ സത്യവാചകം ചൊല്ലി കൊടുക്കും. ഒന്നു മുതല്‍ 36 വരെയുള്ള അംഗങ്ങളാണ് സീതാരവീന്ദ്രന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പുതിയ കൗണ്‍സിലര്‍മാരായി അധികാരം ഏറ്റെടുക്കുക.

സത്യപ്രതിജ്ഞയ്ക്കുശഷം കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള രജിസ്റ്ററിലും കക്ഷി ബന്ധം സൂചിപ്പിക്കുന്ന രജിസ്റ്ററിലും മറ്റ് ചിലപേപ്പറുകളിലും ഒപ്പ് വെക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രഥമ കൗണ്‍സില്‍ യോഗം സീതാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേരും. നഗരസഭാ സെക്രട്ടറി ബി. അനില്‍കുമാര്‍ ഡിസം. 28 ന് നടക്കുന്ന ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച അജണ്ട വിശദീകരിക്കും. തുടര്‍ന്ന്അംഗങ്ങളുടെ അഭിവാദന പ്രസംഗത്തിനുശേഷം ചായസല്‍ക്കാരത്തോടെ കൗണ്‍സില്‍ യോഗം പിരിയും. പുതിയ കൗണ്‍സില്‍ അംഗങ്ങളുടെ വരവിനു മുന്നോടിയായി നഗരസഭ കൗണ്‍സില്‍ ഹാളടക്കമുള്ള പ്രധാനപ്പെട്ട ഓഫീസുകള്‍ അറ്റകുറ്റപണികള്‍ക്കു ശേഷം പെയിന്റ് ചെയ്തു മോടിപിടിപ്പിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ നഗരസഭ സത്യപ്രതിജ്ഞ രാവിലെ 10ന് നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ പ്രൊഫ പി കെ ശാന്തകുമാരിക്ക് വരണാധികാരി മേരി ഡെപ്യൂട്ടി കളക്ടര്‍ (റവന്യൂ റിക്കവറി) സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ കൗണ്‍സിലിന്റെ ആദ്യ യോഗം മുതിര്‍ന്ന അംഗത്തിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് നടക്കും. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് സെക്രട്ടറി അവതരിപ്പിച്ച് യോഗം പിരിയും. തുടര്‍ന്ന് 28നാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് യോഗം നടത്തുക.

ചാവക്കാട് നഗരസഭ സത്യപ്രതിജ്ഞ രാവിലെ 10ന് ചാവക്കാട് നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 9ന് കെ പി വത്സലന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുപ്പിന് എത്തുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ അക്ബര്‍ കോനേത്തിന് റിട്ടേണിംഗ് ഓഫീസര്‍ എന്‍ കെ കൃപ സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ കൗണ്‍സിലിന്റെ ആദ്യ യോഗം മുതിര്‍ന്ന അംഗത്തിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് നടക്കും. ഡിസംബര്‍ 28ന് രാവിലെ 10ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് യോഗവും ഉച്ചയ്ക്ക് 2ന് വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് യോഗവും നടക്കും.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനുകളാണുള്ളത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 10ന് ബ്ലോക്ക് ഓഫീസില്‍ വെച്ച് നടക്കും. ഏറ്റവും മുതിര്‍ന്ന അംഗമായ അണ്ടത്തോട് ഡിവിഷനിലെ മന്നലാംകുന്ന് മുഹമ്മുദുണ്ണിക്ക് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ ജില്ലാ ടൗണ്‍പ്ലാനിങ് ഓഫീസര്‍ കെ ആര്‍ രാജീവ് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഈ മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കും. ഡിസംബര്‍ 30നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് യോഗം.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 14 അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്തോഫീസില്‍ നടക്കും. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ചെമ്പൂക്കാവ്) ജയ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കും. തുടര്‍ന്ന് മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യയോഗം ചേരും. ഡിസം. 30 ന് ഭരണസമിതിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കും.

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങളുടെയും സത്യപ്രതിജ്ഞ രാവിലെ 10ന് നടക്കും. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തോഫീസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വരണാധികാരി കൂടിയായ എസ് സി ഓഫീസര്‍ സന്ധ്യ കെ, ബ്ലോക്ക് പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായ ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പിലിന് സത്യവാചകം ചൊല്ലി കൊടുക്കും. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യയോഗവും തുടര്‍ന്ന് ചേരും. ഡിസംബര്‍ 30നാണ് ഭരണസമിതിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുക.

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 10ന് ബ്ലോക്ക് ഓഫീസില്‍ വെച്ച് നടക്കും. മുതിര്‍ന്ന അംഗമായ പഴയന്നൂര്‍ ഡിവിഷനിലെ ജനപ്രതിനിധി കെ. പി ശ്രീജയന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ചര്‍ ഓഫീസര്‍ മാത്യു ഉമ്മന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റ് അംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കും.
തുടര്‍ന്ന് മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേരും. 13 ഡിവിഷനുകള്‍ അടങ്ങിയതാണ് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങളുടെയും സത്യപ്രതിജ്ഞ രാവിലെ 10ന് നടക്കും. ബ്ലോക്ക് പഞ്ചായത്തോഫീസില്‍ നടക്കുന്ന ചടങ്ങില്‍ വരണാധികാരിയായ തൃശൂര്‍ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് ഓ ഫീസര്‍ പി.എന്‍ അയന മുതിര്‍ന്ന അംഗമായ കെ.ആര്‍ രവിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. തുടര്‍ന്ന് ഒന്ന് മുതല്‍ എന്ന ക്രമത്തില്‍ മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നീട്, മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യയോഗം ചേരും. ഡിസംബര്‍ 30നാണ് ഭരണസമിതിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുക.

തിളക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ട 13 അംഗങ്ങളുടെയും സത്യപ്രതിജ്ഞ രാവിലെ 10ന് നടക്കും. ബ്ലോക്ക് പഞ്ചായത്തോഫീസില്‍ നടക്കുന്ന ചടങ്ങില്‍ വരണാധികാരിയായ തൃശൂര്‍ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എസ്.കെ രമേഷ് മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലി കൊടുക്കും. തുടര്‍ന്ന് ഒന്ന് മുതല്‍ എന്ന ക്രമത്തില്‍ മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നീട്, മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യയോഗം ചേരും. ഡിസംബര്‍ 30നാണ് ഭരണസമിതിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുക

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് രാവിലെ 10ന് ബ്ലോക്ക് ഓഫീസില്‍ വെച്ച് നടക്കും. ഏറ്റവും മുതിര്‍ന്ന അംഗം വെളുത്തൂര്‍ ഡിവിഷനിലെ ജനപ്രതിനിധി കെ കെ ശശിധരന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി ദാരിദ്ര്യ ലഘൂകരണ പ്രോജക്റ്റ് ഡയറക്ടര്‍ സെറീന എ റഹ്മാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റ് അംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കും. ആദ്യ യോഗം സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. 13 ഡിവിഷനുകള്‍ അടങ്ങിയതാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്. ഡിസംബര്‍ 30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് നടക്കും.

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ പുതിയ അംഗങ്ങള്‍ ഡിസംബര്‍ 21ന് രാവിലെ 10ന് ബ്ലോക്ക് ഓഫീസില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യും. ഏറ്റവും മുതിര്‍ന്ന അംഗം പറപ്പൂര്‍ ഡിവിഷനിലെ ജനപ്രതിനിധി ആനി ജോസിന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി കോപ്പറേറ്റിവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ രാജന്‍ വര്‍ഗീസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുതിര്‍ന്ന അംഗംമറ്റ് അംഗങ്ങള്‍ക്ക്
സത്യവാചകം ചൊല്ലിക്കൊടുക്കും. 13 ഡിവിഷനുകള്‍ അടങ്ങിയതാണ് പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്. ഡിസംബര്‍ 30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് നടക്കും.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 10ന് ബ്ലോക്ക് ഓഫീസില്‍ വെച്ച് നടക്കും.
ഏറ്റവും മുതിര്‍ന്ന അംഗമായ കാറളം ഡിവിഷനിലെ ജനപ്രതിനിധി മോഹനന്‍ വലിയാട്ടിലിന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ ടി ആര്‍ രജീഷ് സത്യവാചകം ചൊല്ലിക്കൊടുക്കും.
മറ്റ് അംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കും.
ആദ്യ യോഗം സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. 13 ഡിവിഷനുകള്‍ അടങ്ങിയതാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് രാവിലെ 10 മണിയ്ക്ക് ബ്ലോക്ക് ഓഫീസില്‍ വെച്ച് നടക്കും. മുതിര്‍ന്ന അംഗമായ വെങ്കിടങ്ങ് ഡിവിഷനിലെ ജനപ്രതിനിധി ഗ്രേസി ജേക്കബ്ബിന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ ശ്രീലത സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റ് അംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കും. ആദ്യ യോഗം സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. 13 ഡിവിഷനുകള്‍ അടങ്ങിയതാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ഡിസംബര്‍ 30നാണ് ഭരണസമിതിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. മുതിര്‍ന്ന അംഗം -കെ വി നഫീസയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റെഫീഖ ബീവി സത്യവാചകം ചൊല്ലികൊടുക്കും.
ശേഷം മറ്റ് അംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗം സത്യ വാചകം ചൊല്ലികൊടുക്കും.
ആകെ 13 ഡിവിഷനുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് 21ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. മുതിര്‍ന്ന അംഗമായ എം ഡി ബഹുലേയന് പഞ്ചായത്ത് വരണാധികാരിയായ ഡിസ്ട്രിക്ട് സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ് സത്യവാചകം ചൊല്ലികൊടുക്കും. ശേഷം മുതിര്‍ന്ന അംഗം തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.13 ഡിവിഷനുകളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്നത്.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പുതിയ അംഗങ്ങളുടെ സത്യ പ്രതിജ്ഞ 21 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. മുതിര്‍ന്ന അംഗം സി എന്‍ ചന്ദ്രന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് മായ ജോസ് പി സത്യവാചകം ചൊല്ലികൊടുക്കും. ശേഷം മറ്റ് അംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗം സത്യ വാചകം ചൊല്ലികൊടുക്കും. ആകെ 15 ഡിവിഷനുകളില്‍ നിന്നുള്ള
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.

മതിലകം ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ട 15 അംഗങ്ങളുടെയും സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് രാവിലെ 10ന് നടക്കും. മതിലകം ബ്ലോക്ക് പഞ്ചായത്തോഫീസില്‍ നടക്കുന്ന ചടങ്ങില്‍ വരണാധികാരി കൂടിയായ കൊടുങ്ങല്ലൂര്‍ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിനോ എലിസബത്ത് ചാക്കോ, ബ്ലോക്ക് പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായ മുഹമ്മദ് സഗീറിന്( ഷായി അയ്യാരില്‍) സത്യവാചകം ചൊല്ലി കൊടുക്കും. തുടര്‍ന്ന് ഒന്ന് മുതല്‍ എന്ന ക്രമത്തില്‍ മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നീട്, മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യയോഗം ചേരും. ഡിസംബര്‍ 30നാണ് ഭരണസമിതിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുക

കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് എല്ലായിടത്തും സത്യപ്രതിജ്ഞ നടക്കുക.