മാണി സി കാപ്പൻ ഡൽഹിയിൽ: പവാറുമായി കൂടിക്കാഴ്ച നടത്തും

16

മാണി സി. കാപ്പൻ എം.എൽ.എ ഇന്ന് ഡൽഹിയിൽ. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. മറ്റ് നേതാക്കളുമായും ശരത് പവാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

പാല സീറ്റ് പാ൪ട്ടിക്ക് ലഭിക്കില്ലെന്ന സാഹചര്യത്തിൽ യു.ഡി.എഫിലേക്ക് ചേക്കേറുമെന്ന് മാണി സി.കാപ്പൻ തീരുമാനിച്ചുവെന്ന വാ൪ത്തകൾക്കിടെയാണ് ഇന്ന് ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നത്. മുന്നണി മാറ്റം സംബന്ധിച്ച ത൪ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് മാണി സി. കാപ്പനടക്കമുള്ള നേതാക്കളെ ശരത് പവാ൪ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. പതിനൊന്ന് മണിക്ക് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മുന്നണി മാറാൻ തീരുമാനിച്ചുവെന്നും ഇതാണ് പാ൪ട്ടിക്ക് ഗുണകരമെന്നും കാപ്പന്‍ ശരത് പവാറിനെ ധരിപ്പിക്കുമെന്നാണ് വിവരം.

ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കേണ്ടതുള്ളതിനാൽ വെള്ളിയാഴ്ചയോടെ എൻ.സി.പി ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. ഇതിനായി നാളെയും മറ്റന്നാളുമായി മറ്റ് നേതാക്കളുമായും ശരത് പവാ൪ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.