മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി.അൻവർ എം.എൽ.എ: മാധ്യമ വിചാരണക്ക് ഇരുന്നു കൊടുക്കാൻ മനസ്സില്ലെന്നും നിലമ്പൂരിലെ ജനങ്ങൾ തന്നോടൊപ്പമുണ്ടെന്നും എം.എൽ.എയുടെ കുറിപ്പ്

10
8 / 100

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി.അൻവർ എം.എൽ.എ. മാധ്യമ വിചാരണക്ക് ഇരുന്നു കൊടുക്കാൻ മനസ്സില്ലെന്നും നിലമ്പൂരിലെ ജനങ്ങൾ തന്നോടൊപ്പമുണ്ടെന്നും പിവി അൻവർ എംഎൽഎ സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരു മാധ്യമങ്ങളുടെയും താരാട്ട് കേട്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത് എന്നും അദ്ദേഹം വിമർശിച്ചു.
കുറിപ്പിന്റെ പൂർണരൂപം
മാധ്യമ മുറികളിലെ ചോദ്യം ചെയ്യലുകൾക്കും ചിത്രവധത്തിനും ഇരുന്ന് കൊടുക്കുന്നവർ ഉണ്ടാകും.തൽക്കാലം പി.വി.അൻവറിന് അതിന് മനസ്സില്ല.
ഒരു മാധ്യമങ്ങളുടെയും താരാട്ട്‌ കേട്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയതും ഇത്രയും നാൾ പ്രവർത്തിച്ചതും.കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി പരമാവധി ഇവരെല്ലാം കൂടി വളഞ്ഞിട്ട്‌ അക്രമിച്ചിട്ടേ ഉള്ളൂ.അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്‌.
ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കൾ.അവരെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കാറുണ്ട്‌.അവരെനിക്കൊപ്പമുണ്ട്‌.അതിനപ്പുറം,ഒരു മാധ്യമ ജഡ്ജിമാർക്കും ഒരു രോമത്തിന്റെ വില പോലും കൽപ്പിക്കുന്നുമില്ല.അതിനി ആരൊക്കെ ആണെങ്കിലും.
കേരളത്തിലെ മുഴുവൻ മാധ്യമ സന്നാഹങ്ങൾക്കും നിലമ്പൂരിലെത്താം,എനിക്കെതിരെ മരിച്ച്‌ പണിയെടുക്കാം.വെറുതെ ഓട്ട ബക്കറ്റിൽ വെള്ളം കോരാമെന്ന് മാത്രം..
പി.വി.അൻവർ ഇങ്ങനെയൊക്കെയാണ്.ഇന്നും നാളെയും അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.നിങ്ങൾ നിങ്ങളുടെ പണി തുടർന്നോള്ളൂ..എനിക്കൊപ്പം,നിലമ്പൂരിലെ ജനങ്ങളുണ്ട്‌..
തൽക്കാലം അത്‌ മതി..