സമൂഹമാധ്യമത്തിൽ കൊണ്ടും കൊടുത്തും മുൻമന്ത്രിമാരായ കെ.ടി ജലീലും പി.കെ അബ്ദുറബ്ബും

11

സമൂഹമാധ്യമത്തിൽ കൊണ്ടും കൊടുത്തും രാഷ്ട്രീയ പോരടിച്ച് മുൻമന്ത്രിമാരായ കെ.ടി ജലീലും പി.കെ അബ്ദുറബ്ബും. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ തർക്കം തുടങ്ങിയത്. ‘ആർക്കെങ്കിലും വാങ്ങാനും വിൽക്കാനും മുസ്ലിം ലീ​ഗ് വാണിയംകുളം ചന്തയിലെ നാൽക്കാലിയല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അർഥം, ചെലർക്ക് തിരിയും, ചെലർക്ക് തിരിയില്ല’- എന്ന് കെ ടി ജലീൽ പോസ്റ്റിട്ടു. പിന്നാലെ മറുപടിയുമായി അബ്​ദുറബ്ബും എത്തി. ‘കയറിക്കിടക്കാൻ കൂടുപോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദപ്പശക്കുവേണ്ടി പോലും കടിപിടി കൂടുച്ച ചില വളർത്തമൃ​ഗങ്ങളുണ്ട്. അവെയെയോർത്ത് സഹതാപം മാത്രം. ചെലോൽക്ക് തിരീം, ചെലോൽക്ക് തിരീല’- എന്നായിരുന്നു അബ്​ദുറബ്ബിന്റെ പോസ്റ്റ്.

Advertisement

ഇതിന് മറുപടിയായി കെ.ടി ജലീൽ വീണ്ടും രം​ഗത്തെത്തി. ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന് പേരിട്ട ഒദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിൻ്റെ പേര് മാറ്റിയത്. തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?- എന്നായിരുന്നു കെ ടി ജലീലിന്റെ പോസ്റ്റ്. ഇരുവരുടെയും പോസ്റ്റുകൾ ഇരു മുന്നണികളുടെയും സൈബർ അണികൾ ആഘോഷിക്കുന്നുമുണ്ട്.

Advertisement