മലപ്പുറം സ്വദേശി ഗവേഷണ വിദ്യാര്‍ഥിക്ക് അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയുടെ ആറ് കോടി രൂപയുടെ ഫെലോഷിപ്പ്‌

29

മലയാളി ഗവേഷണ വിദ്യാര്‍ഥിക്ക് അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയുടെ ആറ് കോടി രൂപയുടെ ഫെലോഷിപ്പ്‌. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശിയായ ഇഹ്‌സാനുല്‍ ഇഹ്തിസാമിനാണ് ഫെലോഷിപ്പ്‌ ലഭിച്ചത്.

ജാമിയ മിലിയ കേന്ദ്ര സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയാണ് ഇഹ്സാന്‍ ഷിക്കാഗോയിലേക്ക് പിഎച്ച്ഡി ചെയ്യാനായി തിരിക്കുന്നത്.

സൗത്ത് ഏഷ്യന്‍ ലാഗ്വേജസ് ആന്‍ഡ് സിവിലൈസേഷന്‍ വകുപ്പിലാണ്‌ ഇഹ്‌സാന്‍ ഗവേഷണം നടത്തുക. ഫെബ്രുവരിയിലാണ് ഫെലോഷിപ്പിന്‌ അര്‍ഹനായി ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്. 

സൗത്ത് ഏഷ്യന്‍ ലാഗ്വേജസ് ആന്‍ഡ് സിവിലൈസേഷനില്‍ ഈ വര്‍ഷം ഇഹ്‌സാനും ഒരു യുഎസ് വിദ്യാര്‍ഥിക്കുമാണ് ഷിക്കാഗോ സര്‍വകലാശാല ഫെലോഷിപ്പ്‌ നല്‍കിയിട്ടുള്ളത്.

മഞ്ചേരി കാരക്കുന്ന് തൃക്കലങ്ങോട് ഹാജിയാര്‍ പടിയിലെ സുലൈമാന്‍-സുഹറ ദമ്പതികളുടെ മകനാണ് ഇഹ്‌സാനുല്‍ ഇഹ്തിസാം. രണ്ടു സഹോദരങ്ങളുണ്ട്. എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ ഇഹ്‌സാന്റെ പഠനം കാരക്കുന്നിലെ അല്‍ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു.

ഇരിങ്ങല്ലൂര്‍ മജ്മഅ് എന്ന സ്ഥാപനത്തിലാണ് പ്ലസ് വണ്ണും പ്ലസ് ടുവും പൂര്‍ത്തിയാക്കിത്. ഡല്‍ഹി ജാമിയ മില്ലിയയിലായിരുന്നു ബിരുദ പഠനം നടത്തിയത്. ജെഎന്‍യുവില്‍ പി.ജിയും പൂര്‍ത്തിയാക്കി. പിതാവ് സുലൈമാന്‍ ചായക്കട നടത്തുകയാണ്.