മലപ്പുറം മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടത്തിയ ആര്‍.ടി. പി.സി.ആര്‍. പരിശോധനയില്‍ 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ്: സ്കൂളുകൾ അടച്ചു; കോവിഡ് സ്ഥിരീകരിച്ചവരിൽ വടക്കേകാട് പഞ്ചായത്തിലെ വിദ്യാർത്ഥികളും

15

മലപ്പുറം മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടത്തിയ ആര്‍.ടി. പി.സി.ആര്‍. പരിശോധനയില്‍ 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സ്‌കൂളുകള്‍ അടിയന്തരമായി അടച്ചുപൂട്ടി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പഠനം ആരംഭിച്ചിരുന്നു.

മാറഞ്ചേരി സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവരെുടെ സാമ്പിള്‍ ആര്‍.ടി. പി.സി.ആര്‍. പരിശോധനയ്ക്കായി എടുത്തത്. ഞായറാഴ്ച വൈകീട്ടോടെയാണ് പരിശോധനാഫലം പുറത്തുവന്നത്. ഇതില്‍ മാറഞ്ചേരി സ്‌കൂളില്‍ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും വന്നേരി സ്‌കൂളിള്‍ 40 അധ്യാപകര്‍ക്കും 36 വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലും തൃശൂര്‍ ജില്ലയിലെ വടക്കേകാട് മേഖലയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മാറഞ്ചേരി സ്‌കൂളിലെ പ്ലസ് ടു വിഭാഗത്തിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാമ്പിള്‍ തിങ്കളാഴ്ച പരിശോധനക്ക് എടുക്കും.

നിലവില്‍ കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥികളും അധ്യാപകരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടുദിവസം മുമ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.