കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം: രണ്ടുപേർ പോലീസ് പിടിയിൽ

7

സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘത്തിന്റെ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ കസ്റ്റംസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. 

അബ്ദുള്‍ ഗഫൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐ20 കാറാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുക്കം സ്വദേശികളായ രണ്ടു യുവാക്കളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കല്‍പ്പറ്റയില്‍നിന്ന് കരിപ്പൂരിലെ കാര്‍ഗോ ഓഫീസിലേക്ക് വരുമ്പോള്‍ കസ്റ്റംസ് ഓഫീസറുടെ കാറിനെ അപകടകരമാംവിധം പിന്തുടര്‍ന്നു, മാര്‍ഗ തടസം സൃഷ്ടിച്ചു എന്നുള്ള പരാതിയിലാണ് കൊണ്ടോട്ടി പോലീസിന്റെ നടപടി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എ. കിരണ്‍ ആണ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്‌.

മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, വാഹനം അശ്രദ്ധമായി ഓടിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്‌ കേസ് രജിസ്റ്റര്‍ ചെയ്തത്‌. കസ്റ്റഡിയിലായവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പിന്നീട് സുമിത് കുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യ, പിടിയിലായവര്‍ക്ക് അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. 

പിടിയിലായ രണ്ടുപേരും അഭ്യസ്തവിദ്യരാണ്. ഇരുവരും മലപ്പുറത്തേക്ക് വരികയായിരുന്നു. എന്നാല്‍ വാഹനത്തെ എന്തുകൊണ്ട് പിന്തുടര്‍ന്നു എന്ന ചോദ്യത്തിന് ഇവര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. മുക്കത്തുനിന്ന് എടവണ്ണപ്പാറ വരെയും അവിടെനിന്ന് കൊണ്ടോട്ടി എത്തുന്നതു വരെയും കസ്റ്റംസ് കമ്മിഷണറുടെ കാറിനെ ഇവര്‍ പിന്തുടര്‍ന്നുവെന്നാണ് ആരോപണം. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റംസും ഇവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.