മന്ത്രി കെ.ടി ജലീലിനെതിരെ അപകീർത്തി പ്രചരണം: മുസ്ലീംലീഗ് പ്രവർത്തകൻ യാസർ എടപ്പാൾ അറസ്റ്റിൽ

21

സമൂഹ മാധ്യമങ്ങളിൽ നിരന്തരം അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടെന്ന മന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ യാസര്‍ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യാസറിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാത്രി 12 മണിയോടെ ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിച്ച യാസറിനെ പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ബന്ധുക്കളെത്തി ജാമ്യത്തിലെടുക്കുകയായിരുന്നു.

കെ ടി ജലീലിനെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടതിന്‍റെ പേരില്‍ മന്ത്രി ഇടപെട്ട് വീട് റെയ്ഡ് ചെയ്യിച്ചെന്ന് യാസര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇവിടൊക്കെ തന്നെ ഉണ്ട്, തവനൂര്‍ മണ്ഡലത്തില്‍ തന്നെയുണ്ടാവും, പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടിയുള്ള പ്രവര്‍ത്തനം ഓരോ സെക്കന്‍റിലും നടത്തുമെന്നും യാസര്‍ എടപ്പാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം പറഞ്ഞു.