ബന്ധു നിയമനത്തിന് യോഗ്യതാ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെട്ട് മന്ത്രി ജലീൽ നൽകിയ കത്ത് പുറത്ത്

40

മന്ത്രി കെ.ടി ജലീല്‍ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച്‌ യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്ത്. മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്താനാണ് കത്ത് നല്‍കിയത്. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

മന്ത്രിയായി ചുമതലയേറ്റ് ഏതാണ്ട് രണ്ട് മാസമായപ്പോഴാണ് ഇത്തരത്തില്‍ കത്ത് നല്‍കിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 29-6-2013 ല്‍ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവില്‍ മറ്റം വരുത്തണണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 26-7-2016 ല്‍ ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നല്‍കിയത്.

ജനറല്‍ മാനേജറുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാണ് ജലീല്‍ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയാണ് ബിടെക്കും പിജിഡിബിഎയും. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.

ലോകായുക്തയ്ക്ക് മുന്നില്‍ ഈ കത്ത് കൃത്യമായ തെളിവായി എത്തിയതാണ് മന്ത്രി കെ.ടി ജലീല്‍ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബോധ്യപ്പെടാനുണ്ടായ കാര്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ആക്ട് സെക്ഷന്‍ 14 പ്രകാരം മന്ത്രി കെ.ടി ജലീലിനെ നീക്കണമെന്ന ഉത്തരവിലേക്ക് നയിച്ചതും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നല്‍കുന്നത്.