നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കം: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്‌ദുൾഹമീദ്, ദലീമയും ആന്റണി ജോണും ദൈവ നാമത്തിൽ, എൻ.കെ അക്ബറും ആർ ബിന്ദുവും സഗൗരവം, സേവ്യറിന്റെ സത്യപ്രതിജ്ഞ അവസാനം, ചെന്നിത്തലയുടെ ഇരിപ്പിടം രണ്ടാം നിരയിലേക്ക് മാറി

43

15മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞയോടെ ഇന്നു തുടക്കമായി. രാവിലെ ഒമ്പതിന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടേം സ്പീക്കർ പി.ടി.എ റഹീമിന്റെ മുൻപാകെയാണ് സത്യപ്രതിജ്ഞ.

ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നത്. ആദ്യം വള്ളിക്കുന്ന് എം.എൽ.എ പി അബ്ദുൾ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞയെടുക്കുക. സഭയിൽ 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫ് കന്നടയിലാണ് സത്യപ്രതിജഞചെയ്തത്.

സത്യപ്രതിജ്ഞക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതായി വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന സർട്ടിഫിക്കറ്റ് എം.എൽ.എമാർ നിയമസഭാ സെക്രട്ടറിക്ക് കൈമാറണം. ഒപ്പം, കക്ഷിനേതാക്കൾ തങ്ങളുടെ കക്ഷിയിലെ അംഗങ്ങളുടെ എണ്ണവും മറ്റുവിവരങ്ങളും സെക്രട്ടറിക്കു നല്കണം. കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയിൽ ഉള്ളതാണിത്. മുതിർന്ന അംഗങ്ങൾക്കൊഴികെ മറ്റുള്ളവർക്കെല്ലാം അക്ഷരമാലക്രമത്തിലായിരിക്കും ഇരിപ്പിടം. അതേസമയം മന്ത്രിമാർക്ക് അവർക്കായി മാറ്റിവച്ചിട്ടുള്ള ഇരിപ്പിടങ്ങൾ ലഭിക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാല് അംഗങ്ങൾ സഭാ രജിസ്ട്രറിൽ ഒപ്പുവെച്ചശേഷം ഇരിപ്പിടങ്ങളിലേക്ക് മടങ്ങണം. സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്ന് പിരിയും.

ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എൽ.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥി. പി.സി വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാർഥി. തുടർന്ന്, ജൂൺ 14 വരെ സഭാ സമ്മേളനം. 28ന് പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നിർവഹിക്കും. മെയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിൽ ചർച്ചയും മൂന്നിന് സർക്കാർ കാര്യവുമാകും. അംഗങ്ങൾക്ക് രാഷ്ട്രീയ പാർടി പ്രാതിനിധ്യപ്രകാരം സഭാഹാളിൽ ഇരിപ്പിടം ക്രമീകരിച്ചു.

ജൂൺ നാലിന് പുതിയ സർക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ബജറ്റ് ചർച്ച. പത്തിന് ബജറ്റും 11ന് വോട്ടോൺ അക്കൗണ്ടും പാസാക്കും. കലണ്ടർ പ്രകാരം 14 വരെ സമയമുണ്ടെങ്കിലും 11ന് സഭാ സമ്മേളനം പിരിഞ്ഞേക്കും.