സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ നിലവില്‍ വന്നു; ഇന്ന് മുതൽ കർശന നടപടി

21

സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന നടക്കുന്നുണ്ട്. ഒമ്പതു മണിക്ക് മുന്‍പായി വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴരയ്ക്കു ശേഷം ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. ആദ്യ ദിവസമായതിനാല്‍ ഇവരെ ബോധവത്ക്കരിക്കുകയാണ് പോലീസ് ചെയ്തത്. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും അനുവദിക്കുകയില്ല. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും.

ചരക്ക്-പൊതുഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാണ് കര്‍ഫ്യൂ നിയന്ത്രണം നടപ്പാക്കുക.