ചോദ്യം ആക്ഷേപിക്കുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷം; കഴിയില്ലെന്ന് സ്പീക്കർ

3

ചോദ്യോത്തരവേളയില്‍ ഭരണപക്ഷ അംഗം ഉന്നയിച്ച ചോദ്യം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും അത്‌ ഒഴിവാക്കണമെന്നും സഭയില്‍ പ്രതിപക്ഷ ആവശ്യം. ചോദ്യം ഉന്നയിച്ച അംഗം ആവശ്യപ്പെടാതെ അത് നീക്കം ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്ന കെ.ഡി. പ്രസേനന്റെ ചോദ്യത്തോര വേളയിലെ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ചോദ്യം സഭയിലെ ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും റൂള്‍സ് ഓഫ് പ്രൊസീജിയറിനും എതിരായ ചോദ്യമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഈ ചോദ്യം സഭയില്‍ ഉന്നയിച്ച് രേഖയിലാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന വിധത്തിലുള്ള ചോദ്യമാണ് ചോദ്യോത്തരവേളയില്‍ മൂന്നാംനമ്പര്‍ ചോദ്യമായി ഉന്നയിക്കപ്പെട്ടത്. പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സാധാരണഗതിയില്‍ ഉന്നയിക്കാറില്ല. അതിനാല്‍ തന്നെ ഇത് ചട്ടലംഘനമാണെന്ന പരാതിയാണ് വി.ഡി. സതീശന്‍ ഉന്നയിച്ചത്.

വിഷയം പരിശോധിക്കട്ടെ എന്ന മറുപടി സ്പീക്കര്‍ നല്‍കി. സതീശന്‍ വീണ്ടും വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍, ചോദ്യം ഒഴിവാക്കാന്‍ കഴിയില്ലെന്നും അല്ലെങ്കില്‍ ചോദ്യം ഉന്നയിച്ച അംഗം തന്നെ അത് ഒഴിവാക്കണമെന്ന് എഴുതി നല്‍കേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. 

ഈ സാഹചര്യത്തില്‍, പ്രതിപക്ഷത്തോടുള്ള അവഹേളനം എന്ന നിലയില്‍ ഇതിനെ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ചോദ്യോത്തര വേളയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.