മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി എന്‍.എസ്.എസ്. മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പാക്കിയ 10 ശതമാനം സംവരണം അര്‍ഹരായവര്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്ന് എന്‍.എസ്.എസ് വിമര്‍ശിച്ചു. സര്‍ക്കാര്‍ സംവരണം നടപ്പാക്കിയതിലുള്ള അപാകതകളാണ് ഇതിന് കാരണമെന്നും എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
മുന്നാക്ക സമുദായങ്ങളുടെ പട്ടിക ഉള്‍പ്പെടുന്ന മുന്നാക്ക കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചെങ്കിലും ഈ പട്ടിക പ്രസിദ്ധീകരിക്കാത്തതാണ് സംവരത്തിന്റെ പ്രയോജനം മുന്നാക്കവിഭാഗത്തിന് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്നും എന്‍.എസ്.എസ് ചൂണ്ടിക്കാണിച്ചു. മുന്നാക്കപട്ടിക കാലതാമസം വരാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.
സംവരണത്തിന്റെ അര്‍ഹത നിശ്ചയിക്കുന്നത് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കെ, മുന്നാക്കെ സമുദായ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സംവരണം നേടാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഏതൊക്കെ സമുദായങ്ങള്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടെന്ന് നിശ്ചയിക്കാന്‍ കഴിയു. സംവരണം ലഭിക്കുന്നതിനായി റവന്യൂ അധികാരികള്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കുന്നതും ഈ കാരണത്താലാണെന്നും എന്‍എസ്എസ് പറഞ്ഞു.