പ്രതിപക്ഷ നേതാവിനെ ‘കണ്ടെത്താൻ’ ഇന്ന് ഹൈക്കമാൻഡ് സംഘം കേരളത്തിൽ

14

പ്രതിപക്ഷ നേതാവ് ആരാകണമെന്നകാര്യത്തിൽ എം.എൽ.എ.മാരുടെ മനസ്സറിയാൻ എ.ഐ.സി.സി. പ്രതിനിധികൾ ചൊവ്വാഴ്ച എത്തും. മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവരാണ് എം.എൽ.എ.മാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ സംസ്ഥാനത്ത് എത്തുന്നത്.

കോൺഗ്രസിലെ 21 എം.എൽ.എ.മാരെയും കെ.പി.സി.സി. പ്രസിഡന്റിനെയും മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് പ്രതിനിധികൾ കാണും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമോയെന്നതാണ് പ്രധാന ചോദ്യം. പുതിയ പ്രതിപക്ഷ നേതാവ് വേണമെന്നാണെങ്കിൽ പകരമാര്‌ എന്ന ചോദ്യവും ഉയരും.

പരസ്യമായ ചേരിതിരിവിലേക്ക് പോയില്ലെങ്കിലും അണിയറയിൽ നീക്കങ്ങൾ തകൃതിയാണ്. പ്രതിപക്ഷ നേതാവായി മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ രമേശ് തന്നെ തുടരട്ടെയെന്ന നിലപാട് ഒരു വിഭാഗത്തിനുണ്ട്. തോൽവിയുടെ ഉത്തരവാദിത്വം നേതൃത്വത്തിന്റെ തലയിൽ മാത്രം വെക്കരുതെന്നാണ് രമേശിനെ അനുകൂലിക്കുന്നവരുടെ വാദം.

തോൽവിയുണ്ടായതിനാൽ പകരം പുതിയ മുഖം വേണമെന്നും ചെറുപ്പക്കാരിലേക്ക് നേതൃത്വം മാറേണ്ട സമയമായെന്നും വാദിക്കുന്നവരുമുണ്ട്. വി.ഡി. സതീശനെയാണ് ഈ വിഭാഗം മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞപ്രാവശ്യം ഭരണത്തിൽനിന്ന് പുറത്തായപ്പോൾ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവാകാതെ മാറിനിന്നതും സതീശനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

ചെന്നിത്തലയും സതീശനും ഐ വിഭാഗത്തിൽനിന്നായതിനാൽ ഐ ഗ്രൂപ്പിലും രണ്ടഭിപ്രായമുണ്ട്. എ ഗ്രൂപ്പാകട്ടെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. എ ഗ്രൂപ്പിൽനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി. തോമസ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. നിയമസഭാകക്ഷിയിൽ ഐ ഗ്രൂപ്പിനാണ് മുൻതൂക്കമെന്നതിനാൽ എ ഗ്രൂപ്പ് സ്ഥാനംപിടിക്കാൻ നിർബന്ധബുദ്ധി പ്രകടിപ്പിക്കുന്നില്ല. സമവായത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നെങ്കിൽ മതിയെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.