കേരളത്തിന്റെ ഓക്സിജൻ നേട്ടം: ഒരു വർഷം നീണ്ട ആസൂത്രണ മികവ്; വഴി കൊട്ടിയടച്ചവർക്കും പ്രാണവായു എത്തിക്കുന്നു

40

ഡൽഹിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും മെഡിക്കൽ ഓക്‌സിജൻ ക്ഷാമത്തിൽ വിഷമിക്കുമ്പോൾ കേരളം മുന്നിലെത്തിയതിനുപിന്നിൽ ഒരുവർഷംനീണ്ട ആസൂത്രണം. കേന്ദ്രസർക്കാർ സ്ഥാപനമായ പെസോയും (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ) സംസ്ഥാന ആരോഗ്യവകുപ്പും ചേർന്നു പ്രവർത്തിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഒരിക്കൽ കേരളത്തിനുമുന്നിൽ കർണാടക കൊട്ടിയടച്ച വഴികളിലൂടെ ഇന്ന് സംസ്ഥാനം അവർക്ക് പ്രാണവായു എത്തിക്കുകയാണ്. കർണാടകത്തിനൊപ്പം അയൽസംസ്ഥാനമായ തമിഴ്നാടിനും കേരളം ഓക്സിജൻ നൽകുന്നുണ്ട്. ഇരുസംസ്ഥാനത്തിനുമായി 100 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ കേരളം നൽകി. വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം തമിഴ്നാടിന് 77 മെ. ടണ്ണും കർണാടകത്തിന് 16 മെ. ടൺ ഓക്സിജനും നൽകി. ഇനിയും വിതരണം പൂർത്തിയാകാനുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നൂറുകണക്കിന് രോഗികൾ പ്രാണവായുകിട്ടാതെ മരിക്കുമ്പോളാണ് കേരളത്തിന്റെ ഈ മാതൃക. രോഗികൾക്ക് ആനുപാതികമായും അതിലധികവും മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കഞ്ചിക്കോട് ഇനോക്സ് എയർ പ്രൊഡക്ട്സ്, ചവറ കെഎംഎംഎൽ, പരാക്സെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്–-എറണാകുളം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ നിർമിക്കുന്നത്.

2020 മാർച്ച് 23ന് ഓക്‌സിജൻ പ്ലാന്റുകളുടെ ഓൺലൈൻ മീറ്റിങ് പെസോ വിളിച്ചു. 11 എ.എസ്.യു.കളാണ് (എയർ സെപ്പറേഷൻ യൂണിറ്റ്) കേരളത്തിലുള്ളത്. ആ സമയത്ത് സാമ്പത്തിക പ്രശ്നങ്ങൾമൂലം അഞ്ചെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും ഓക്സിജൻ ആവശ്യം വരുമെന്നും അവരെ ബോധ്യപ്പെടുത്തി.

* പ്രവർത്തിക്കാത്ത യൂണിറ്റുകൾ പ്രവർത്തനത്തിനൊരുങ്ങി. ഇതിനിടെ ലോക്‌ഡൗൺ തുടങ്ങിയതിനാൽ ആവശ്യമായ യന്ത്രഭാഗങ്ങൾ എത്തിക്കാനായില്ല. ചെന്നൈയിൽനിന്ന് ഇവയെത്തിക്കാൻ പെസോ മുൻകൈയെടുത്തു. മൂന്നുമാസത്തിനകം 11 എണ്ണവും പ്രവർത്തിച്ചുതുടങ്ങി.

* ഉത്പാദനം, വിതരണം തുടങ്ങിയ ചുമതല പെസോയുടെ നോഡൽ ഓഫീസർക്കും ഓരോ സ്ഥലത്തും ആവശ്യമുള്ള ഓക്‌സിജന്റെ അളവുസംബന്ധിച്ച ഡേറ്റയുടെ ചുമതല ആരോഗ്യവകുപ്പിന്റെ നോഡൽ ഓഫീസർക്കും നൽകി. രോഗികൾ, കിടക്കകൾ, ഓക്‌സിജന്റെ ആവശ്യം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് പെസോ ഉത്പാദനം ക്രമീകരിച്ചു.

* പെസോയുടെ നിർദേശമനുസരിച്ച് നൈട്രജൻ, ആർഗൺ സിലിൻഡറുകളും ഡീഗ്യാസ് ചെയ്ത് ഓക്‌സിജൻ നിറച്ചു.

* ആരോഗ്യവകുപ്പ് ദിവസേന ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ട് പെസോയ്ക്കു കൈമാറി. ഈ സമയത്തുതന്നെ ചെറുകിട ആശുപത്രികളിൽ 1000 ലിറ്ററിന്റെ ടാങ്കുകൾ വന്നതും നേട്ടമായി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രണ്ടു വകുപ്പുകൾ യോജിച്ചു പ്രവർത്തിച്ചതാണ് കേരളത്തിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ കാരണം. ദിവസം 204 ടൺ ഉത്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തുണ്ട്. ഏപ്രിൽ 25-ലെ കണക്കനുസരിച്ച് 98.61 ടൺ മെഡിക്കൽ ഓക്‌സിജനേ ആവശ്യമുള്ളൂവെന്ന് ഡോ. ആർ. വേണുഗോപാൽ, പെസോ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് വ്യക്തമാക്കുന്നു.